കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു; ഇന്ന് മാത്രം 28 പേർക്ക് കൊറോണ സ്ഥിരീകരിച്ചു
അഡ്മിൻ
രാജ്യം കൊവിഡ്-19 ഭീതിയിൽ തുടരുന്നതിനിടെ സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ തീരുമാനം പ്രാബല്യത്തിലാകും. സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായി അടച്ചിടാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ അതിർത്തികൾ അടയ്‌ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. മാർച്ച് 31 വരെയാണ് നിലവിലെ ലോക് ഡൌണ്. അതിനുശേഷം എന്തു വേണം എന്ന് ആലോചിച്ച് തീരുമാനിക്കും. അസാധാരണമായ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടച്ചിടൽ കാലയളവിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകളോ കെഎസ്ആർടിസി ബസുകളോ സർവീസ് നടത്തില്ല. സ്വകാര്യ വാഹനങ്ങൾക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടായിരിക്കില്ല. ആളുകൾ കൂടുന്നത് ഒഴിവാക്കും. ആശുപത്രികൾ പ്രവർത്തിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. ഹോം ഡെലിവറി അനുവദിക്കും. എന്നാൽ പാഴ്‌സൽ വാങ്ങി കൊണ്ടു പോകാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആളുകൾ കൂടുന്ന പരിപാടികൾ പാടില്ല. ആരാധനാലയങ്ങളിൽ ജനങ്ങൾ കൂടിയുള്ള പരിപാടികൾ റദ്ദാക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കും. മെഡിക്കൽ സ്‌റ്റോറുകൾ, ആവശ്യസാധനങ്ങൾ ലഭ്യമാക്കേണ്ട കടകൾ, പച്ചക്കറിക്കടകൾ, പെട്രോള്‍ പമ്പ്, എല്‍പിജി വിതരണം എന്നിവ ഉണ്ടാകും. ഇവയല്ലാതെയുള്ള കടകൾ അടച്ചിടണം. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങാൻ പാടില്ല. പരസ്‌പരം അകലം പാലിക്കുകയും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.