ഞങ്ങള്‍ സൂപ്പര്‍ഹീറോകളല്ല. ഞങ്ങൾ പോരാളികളാണ് ,ഞങ്ങള്‍ റെവല്യൂഷണറി ഡോക്ടര്‍മാരാണ്, ക്യൂബയുടെ ചരിത്രം അതാണ്
അഡ്മിൻ
ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കുകയാണ്. കൊറോണ എന്ന മഹാമാരി ആരിൽ എങ്ങനെ കടന്ന് വരുമെന്ന് യാതൊരു അറിവുമില്ലാതെ ലോകത്തെ വമ്പന്മാർ മുട്ടിടിച്ച് നിൽക്കുമ്പോൾ, അതേ വമ്പന്മാർ എക്കാലവും നശിപ്പിച്ചു കളയാൻ മാത്രം ശ്രമിച്ച കൊച്ച് ക്യൂബയുടെ വിമാനത്താവളങ്ങളിൽ നിന്ന് തലങ്ങും വിലങ്ങും വിമാനങ്ങൾ പറന്നുയരുകയാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ക്യൂബയുടെ മെഡിക്കൽ സംഘം പറന്നിറങ്ങുന്ന കാഴ്ച്ച രോമാഞ്ചത്തോടെ അല്ലാതെ കണ്ടിരിക്കാനാകില്ല. ഓരോ രാജ്യത്തിന്റെ മണ്ണിലും ക്യൂബൻ മെഡിക്കൽ സംഘം വന്നിറങ്ങുന്നത് തങ്ങളുടെ ദേശീയപതാകയും , ക്യൂബയുടെ എല്ലാം എല്ലാം ആയ ഫിദലിന്റെ ചിത്രവും കയ്യിലേന്തിയാണ്. തന്റെ മരണ ശേഷം തനിക്ക് സ്മാരകമായി ഒരൊറ്റ പ്രതിമ പോലും ക്യൂബയുടെ തെരുവുകളിൽ ഉണ്ടാകരുത് എന്ന് കർശനമായ നിലപാട് എടുത്ത വിശ്വവിപ്ലകാരിയായ ഫിദൽ കാസ്ട്രോ യുടെ ചിത്രം ഇന്ന് ലോകം മുഴുവൻ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ്.
ലോകത്തെ സമ്പന്നരാജ്യങ്ങളിലൊന്നല്ല ക്യൂബ. 1959ലെ വിപ്ലവത്തിനു ശേഷം സാമ്പത്തിക ഞെരുക്കത്തിന്‍റെ കഥയാണ് ക്യൂബയ്ക്ക് ഏറെയും പറയാനുള്ളത്. എന്നാല്‍ ലോകത്ത് ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള ഡോക്ടര്‍മാരുടെ അനുപാതത്തില്‍ മുൻപില്‍ നില്‍ക്കുന്ന ക്യൂബ ലോകരാജ്യങ്ങള്‍ ആരോഗ്യപ്രതിസന്ധിയിൽ നില്‍ക്കുമ്പോള്‍ സഹായിക്കുന്നത് ഇതാദ്യമല്ല. 2020ൽ പശ്ചിമ ആഫ്രിക്കയിൽ എബോള പൊട്ടിപ്പുറപ്പെട്ടപ്പോഴും ഹെയ്തിയിൽ കോളറ ഭീഷണി സൃഷ്ടിച്ചപ്പോഴും ക്യൂബൻ ഡോക്ടര്‍മാരാണ് സഹായത്തിനെത്തിയത്. സോഷ്യലിസ്റ്റ് രാജ്യങ്ങളായ വെനസ്വേല, നികരാഗ്വേ, ജമൈക്ക, സുരിനാമി, ഗ്രെനാഡ തുടങ്ങിയ രാജ്യങ്ങളെയും ക്യൂബ സഹായിച്ചിട്ടുണ്ട്. ഇറ്റലിയിലെ ലോംബാര്‍ഡിയിലേയ്ക്ക് 52 അംഗ മെഡിക്കൽ സംഘത്തെ അയയ്ക്കുന്ന ക്യൂബ ഈ ചരിത്രമാണ് ആവര്‍ത്തിക്കുന്നതും. ആരോഗ്യരംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന ഇറ്റലിയിലേയ്ക്ക് വൈദ്യസഹായവുായി എത്തുന്ന ക്യൂബയുടെ ആരോഗ്യനയതന്ത്രം ഇതിനോടകം അന്താരാഷ്ട്ര തലത്തിൽ ചര്‍ച്ചയായിട്ടുണ്ട്.
600 യാത്രക്കാരുമായി വന്ന ഒരു ബ്രിട്ടീഷ് കപ്പലിൽ ആറ് പേർക്ക് കൊറോണ ബാധ ഉണ്ടായതിനാൽ ബ്രിട്ടന്റെ പല സുഹൃത്ത് രാജ്യങ്ങളും കപ്പലിന് നങ്കൂരമിടാൻ അനുമതി നല്കാതിരുന്നപ്പോൾ, ബ്രിട്ടൻ ഇപ്പോഴും ശത്രുപക്ഷത്ത് നിർത്തിയിരിയ്ക്കുന്ന ക്യൂബയാണ് തങ്ങളുടെ തുറമുഖത്ത് കപ്പലിന് നങ്കൂരമിടാൻ അനുമതി നൽകിയത്.
ഇറ്റലിയിൽ മാത്രം അയ്യായിരത്തിലധികം പേരുടെ ജീവനെടുത്ത കൊവിഡ് 19 ഏറ്റവുമധികം പ്രഹരമേൽപ്പിച്ച ലോംബാര്‍ഡിയിലേയ്ക്കാണ് ക്യൂബൻ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും യാത്ര. ഞങ്ങള്‍ക്കെല്ലാം ഭയമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് ഒരു വിപ്ലവകരമായ ജോലിയാണ് തീര്‍ക്കാനുള്ളത്. അതുകൊണ്ട് പേടി ഞങ്ങള്‍ മാറ്റി വെച്ചിരിക്കുകയാണ്. 68കാരനായ ഇന്‍റൻസീവ് കെയര്‍ വിദഗ്ധനായ ഡോ. ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞതാണ് ഇത്. ക്യൂബയില്‍ നിന്ന് വിമാനം കയറുന്നതിന്‍റെ തൊട്ടുമുൻപായിരുന്നു ഈ പ്രതികരണം. പേടിയില്ലെന്നു പറയുന്നത് സൂപ്പര്‍ഹീറോകളാണ്. പക്ഷെ ഞങ്ങള്‍ സൂപ്പര്‍ഹീറോകളല്ലല്ലോ. ഞങ്ങള്‍ റെവല്യൂഷണറി ഡോക്ടര്‍മാരാണ്. ഇത് ഫെര്‍ണാണ്ടസിന്‍റെ എട്ടാമത്തെ അന്താരാഷ്ട്ര ദൗത്യമാണ്. ലൈബീരിയയിൽ എബോളയ്ക്കെതിരെ പോരാടിയ ചരിത്രവും ഇദ്ദേഹത്തിന് പറയാനുണ്ട്.
സോവിയറ്റ് യൂണിയന്‍റെ സഹായത്തോടെ മികച്ച ആരോഗ്യരക്ഷാ സംവിധാനങ്ങളാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണകൂടം പടുതുയര്‍ത്തിയത്. എന്നാല്‍ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ രാജ്യത്ത് ആരോഗ്യരംഗത്ത് പ്രതിസന്ധി നേരിട്ടിരുന്നു. കൂടാതെ പതിറ്റാണ്ടുകള്‍ നീണ്ട യുഎസ് ഉപരോധം മൂലം രാജ്യത്ത് മരുന്നുകള്‍ക്കടക്കം ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയും അത്ര നല്ല നിലയിലല്ല. പക്ഷെ ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരുടെ ലഭ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ക്യൂബ. വിദേശത്തു ജോലി ചെയ്യുന്ന പ്രഗത്ഭരായ ക്യൂബൻ ആരോഗ്യവിദഗ്ധര്‍ക്ക് പുറമെയാണിത്.
അതേസമയം, ക്യൂബയിൽ ഇതുവരെ 35 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ മടിയില്ലാത്ത ക്യൂബയിൽ ഇതിനോടകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം പ്രധാനവരുമാനമാര്‍ഗമായ ക്യൂബയിൽ പുറത്തു നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 255 വിദേശികള്‍ ഉള്‍പ്പെടെ 954 പേര്‍ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നുമുണ്ട്. 30773 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. എന്നാല്‍ രാജ്യത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് റൗള്‍ കാസ്ട്രോ അടക്കമുള്ള നേതാക്കളുടെ വിശദീകരണം.
24-Mar-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ