കോൺഗ്രസും ബിജെപിയും ഭരണവർഗ്ഗ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ്: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ബഹുജനങ്ങളുടെ പൂർണമായ പിന്തുണയോടു കൂടിയാണ് കടുങ്ങല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മറ്റി ഓഫീസ് നിർമിച്ചത്. സിപിഐ എമ്മിന്റെ എല്ലാ ഓഫീസുകളും അങ്ങനെ ബഹുജനങ്ങളുടെപിന്തുണയോട് കൂടി തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.
സിപിഐ എം അടിമുടി ജനങ്ങളുടെ ചെലവിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ്. 9000 കോടിയാണ് ഇലക്ടറൽ ബോണ്ടിലൂടെ ബിജെപിക്ക് കിട്ടിയത്. കോൺഗ്രസും ബിജെപിയും ഭരണവർഗ്ഗ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ്. എന്നാൽ ജനങ്ങളുടെ ചെലവിൽ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഐ എം എന്ന് ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവർക്കും സേവനം നൽകുന്ന സേവന കേന്ദ്രമായി എൽ സി ഓഫീസിനെ മാറ്റണമെന്നും എം വി ഗോവിന്ദൻ മാസറ്റർ പറഞ്ഞു. സ്വയം വിമർശനം സിപിഐ എമ്മിൻ്റെ സംഘടനാ രീതിയാണ്. ആ നവീകരണ പ്രക്രിയയാണ് പാർട്ടി കോൺഗ്രസ് വരെയുള്ള സമ്മേളനങ്ങളിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളെയും മന്ത്രിമാരെയും എല്ലാം പ്രവർത്തകരും വിമർശിക്കും. ജനങ്ങൾക്കു ഗുണകരമല്ലാത്ത ഒന്നിനെയും പാർട്ടി അനുകൂലിക്കില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തെറ്റു തിരുത്തി മുന്നോട്ടു പോകാൻ പാർട്ടിയിലെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ് ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്ന സംഘടനയല്ല. ഭരണഘടന തയ്യാറാക്കാൻ നേതൃത്വം കൊടുത്തവരിൽ അംബേദ്കർ ഉണ്ട്. അതാണ് അംബേദ്കറോടുള്ള ബിജെപിയുടെ വിരോധത്തിനുള്ള കാരണം എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബിജെപി നേതാക്കൾ ദേശീയ സ്വാതന്ത്ര്യ ദിനത്തെ തള്ളിപ്പറയുന്നു. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ബിജെപിക്കും ആർഎസ്എസിനും ഒന്നും അവകാശപ്പെടാനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൻ്റെ തൻ പ്രമാണിത്വം കൊണ്ടാണ് ഇന്ത്യാ മുന്നണി മുന്നോട്ടു പോകാതിരുന്നത്. രണ്ടു ശതമാനം വോട്ടിൻ്റെ കുറവ് മാത്രമാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് ഉണ്ടായത്. കോൺഗ്രസ് ഫലപ്രദമായി ഉപയോഗിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ചിത്രം മാറുമായിരുന്നുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അതി ദാരിദ്ര്യമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം ഈ വർഷം മാറും. 2026 ൽ ദേശീയപാത 66 എട്ടുവരി പാതയായി മാറും. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് 50 വർഷം മുൻകൂട്ടി കണ്ടുള്ള വികസനമാണെന്നും എം വി ഗോവിന്ദൻ മാസറ്റർ പറഞ്ഞു.
ഇന്ത്യയിൽ ജന്മിത്വം അവസാനിപ്പിക്കാൻ കഴിഞ്ഞ ഏക സംസ്ഥാനമാണ് കേരളം. സർക്കാരിനെതിരെയുള്ള കടന്നാക്രമണത്തിൻ്റെ ഭാഗമായി എതിരാളികൾ മാധ്യമങ്ങളുടെ സഹായത്തോടെ നുണ ബോംബുകൾ സൃഷ്ടിക്കുകയാണ്.
മുസ്ലിം ലീഗിനെയും യുഡിഎഫിനെയും നിയന്ത്രിക്കുന്ന പ്രധാന കേന്ദ്രമായി എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും മാറി. അതിൻ്റെ ഉപഭോക്താവായി കോൺഗ്രസ് മാറിയെന്നും. എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടു വാങ്ങിയാണ് യുഡിഎഫ് ലോകസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
15-Jan-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ