കമ്യൂണിറ്റി കിച്ചനുകള്‍ തുറക്കും, ഭക്ഷണം ആവശ്യപ്പെടാന്‍ ഫോണ്‍ നമ്പര്‍

രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ മാത്രമല്ല, ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അത്യാവശ്യം വേണ്ട സാഹചര്യങ്ങള്‍ ഭദ്രമാക്കുക എറ്റവും പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷണം, മരുന്ന്, രോഗബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എന്നിവരുടെയെല്ലാം പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടും. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ ഒറ്റകേന്ദ്രത്തില്‍ നിന്ന് പരിഹരിക്കാന്‍ കഴിയില്ല. അതിവിപുലമായ വികേന്ദ്രീകൃത സംവിധാനമാണ് ഒരുക്കുന്നത്. അത് ഫലപ്രദമാക്കാന്‍ വാര്‍ഡുതല സമിതികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സന്നദ്ധ പ്രവര്‍ത്തകരെ വാര്‍ഡ്തലത്തില്‍ വിന്യസിക്കും. കൂടുതല്‍ പേരെ കണ്ടെത്തും. അവരെ നിലവിലുള്ള ആവശ്യത്തിനനുസൃതമായ സന്നദ്ധപ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കേണ്ടത്. ഏതെങ്കിലും സംഘടനയുടെ മേന്മകാണിക്കാനോ നിറം കാണിക്കാനോ ഉള്ള സന്ദര്‍ഭമല്ല ഇത് എന്ന് ഓര്‍ക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കും. പഞ്ചായത്ത്/നഗരസഭ അതിര്‍ത്തിയില്‍ എത്ര കുടുംബങ്ങളിലാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന കണക്ക് എടുക്കും. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കും. ഇക്കാര്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ടെലിഫോണ്‍ നമ്പര്‍ നല്‍കും. ആ നമ്പറില്‍ വിളിച്ചുപറഞ്ഞാല്‍ ഭക്ഷണം എത്തിക്കുന്ന സംവിധാനം തദ്ദേശ സ്ഥാപനങ്ങളില്‍ ഉണ്ടാക്കും.

പാചകക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണക്കാരെ അതത് സ്ഥലത്തെ പ്രായോഗികതയ്ക്കനുസരിച്ച് നിശ്ചയിക്കണം. അങ്ങനെ പോകുന്ന പ്രവര്‍ത്തകര്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിച്ചിരിക്കണം.

പലരും പട്ടിണി കിടക്കാന്‍ ഇടവരുന്ന സാഹചര്യമാണ് ഉള്ളത്. ഒരാളും നമ്മുടെ നാട്ടില്‍ പട്ടിണി കിടക്കാന്‍ ഇടവരരുത്. ചില ദുരഭിമാനികള്‍ നേരിട്ട് പറഞ്ഞില്ല എന്നു വരും. എന്നാല്‍, ടെലഫോണ്‍ നമ്പര്‍ കൊടുത്താല്‍ വിളിച്ചുപറയും. സഹായം ആവശ്യപ്പെട്ടില്ല എന്ന കാരണത്താല്‍ ഇവര്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത്.

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെതന്നെ നല്ല തോതില്‍ അരി കൊടുക്കുന്നുണ്ട്. അത് തുടരും. അതിനുപുറമെ മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് മാസം 15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കും. അതോടൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലത്ത് ഒറ്റപ്പെട്ട തരത്തില്‍ കഴിയുന്ന ഒരു കുടുംബവും പട്ടിണി കിടക്കാന്‍ ഇടവരരുത്.
രോഗം വന്ന് അലയുന്നവരുടെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പാചകം ചെയ്ത ഭക്ഷണം നല്‍കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യം നടപ്പിലാക്കുന്നത് ജില്ലാ ഭരണസംവിധാനം ഉറപ്പുവരുത്തും.

ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനം ഉപയോഗിക്കും. ഡിഎംഒ തലത്തില്‍ ഇതിന് പ്രത്യേകം സംവിധാനമുണ്ടാക്കണമെന്ന് നിര്‍ദേശിച്ചു. ഹൃദ്രോഗികള്‍, കിഡ്‌നി രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

ഭക്ഷണം പാചകം ചെയ്യുന്നവരുടെ പരിസര-വ്യക്തിശുചിത്വം നിലവാരമുള്ളതാകണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ഉറപ്പുവരുത്തേണ്ടതാണ്. പാചകതൊഴിലാളികള്‍ക്കാവശ്യമായ പരിശോധനകള്‍ നടത്താനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

26-Mar-2020