കാര്യമായ പരാതികളൊന്നുമില്ലാതെ ഇവരെ ഇളക്കിവിട്ടതിന് പിന്നില്‍ പിന്തിരിപ്പന്‍ മതതീവ്രവാദശക്തികള്‍ ഉണ്ടോ എന്ന് പരിശോധിക്കണം.

കോട്ടയത്ത് പായിപ്പാട് അതിഥി തൊഴിലാളികൾ നാട്ടിൽ പോകണമെന്ന ആവശ്യവുമായി ഒത്തുകൂടിയതിന് പിന്നിൽ ചില മതതീവ്രവാദ സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നു. സോഷ്യൽ മീഡിയയിൽ കൂടി പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരുന്നതായി റിപ്പോർട്ടുണ്ട്. വാട്സ് ആപ് വഴി ഹർത്താൽ നടത്തിയ അതേ രീതിയിൽ ആണ് ഇതും നടന്നിട്ടുള്ളത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.

രാജ്യത്ത് ഏറ്റവും നന്നായി അതിഥി തൊഴിലാളികള്‍ക്ക് സൗകര്യമൊരുക്കിയത് കേരള സര്‍ക്കാരാണ്. ഒരാൾ പോലും പട്ടിണി കിടക്കരുത് എന്ന നിർബന്ധ ബുദ്ധി സർക്കാർ തുടക്കം മുതൽ പ്രകടിപ്പിച്ചിരുന്നു. തെരുവ് നായ്ക്കൾക്കും കുരങ്ങുകൾക്കും വരെ വിശക്കരുത് എന്ന കാഴച്ചപ്പാടാണ് സർക്കാർ മുന്നോട്ട് വച്ചത്. നാടാകെ അത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിറ്റി കിച്ചണുകൾ കൂടാതെ വിവിധ സംഘടനകളും ,റെസിഡന്റ്‌സ് അസോസിയേഷനുകളും ഭക്ഷണം വിതരണം ചെയ്യാൻ മുന്നോട്ട് വന്നു.

അതിഥി തൊഴിലാളികൾക്ക് ഭക്ഷണത്തിന്‍റെയോ കുടിവെള്ളത്തോന്‍റെയാ മരുന്നിന്‍റെയോ പാര്‍പ്പിടത്തിന്‍റെയോ കാര്യത്തില്‍ പരാതിയില്ല. എന്നാൽ വിചിത്രമായ ആവശ്യമാണ് അവർ ഉന്നയിച്ചത്. അവർക്ക് നാട്ടിൽ പോകാൻ വാഹനം വേണം. ലോക്ക് ഡൌൺ ദേശീയ തലത്തിൽ ആണെന്നിരിക്കെ , കേന്ദ്ര സർക്കാർ നടപടി നിലനിൽക്കെ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് വ്യക്തമായി അറിയാവുന്ന ഈ ആവശ്യം പാവം തൊഴിലാളികളുടെ ഇടയിൽ പ്രചരിപ്പിച്ചത് ചില മതതീവ്രവാദ സംഘടനകളുടെ തീരുമാനം അനുസരിച്ചാണ് എന്നാണ് അധികൃതർ സംശയിക്കുന്നത്. പ്രശ്‌നം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ഇത്തരം സംഘടനകളുമായി ബന്ധമുള്ള ചിലരുടെ ഫേസ്ബുക്കിൽ സംഭവം ലൈവ് ടെലികാസ്ററ് നടത്തിയത് ഇതിലേക്കാണ് ചൂണ്ടുന്നത്. ഇങ്ങനെ ഒരു പ്രതിഷേധം നടക്കുമെന്ന് മുൻകൂട്ടി അറിഞ്ഞവരാകണം ഇവർ എന്ന് പോലീസ് കരുതുന്നു. ഇവർ വളരെ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നു.

നാട്ടില്‍ പോകണം എന്ന ആവശ്യം നടത്തിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. യാത്രാവിലക്കും ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അത് കേരളം അംഗീകരിക്കുന്നു. ഈ അവസ്ഥയിൽ സംസ്ഥാന സർക്കാരിനെ താറടിക്കാനും , കേരളത്തെ ആകെ അപമാനിക്കാനും നടത്തിയ ആസൂത്രിത ഗൂഢാലോചനയ്‌ക്കെതിരെ വലിയ പ്രതിഷേധം ആണ് ഉയരുന്നത്.

കാര്യമായ പരാതികളൊന്നുമില്ലാതെ ഇവരെ ഇളക്കിവിട്ടതിന് പിന്നില്‍ പിന്തിരിപ്പന്‍ മതതീവ്രവാദശക്തികള്‍ ഉണ്ടോ എന്ന് പരിശോധിക്കണം.

29-Mar-2020