കോൺഗ്രസ് സൈബർ ടീമിന്റെ അജണ്ടയാണ് ഇതെന്നും സംശയിക്കുന്നു

പായിപ്പാട് അതിഥി തൊഴിലാളികളെ പൊലീസ് തല്ലിച്ചതച്ചെന്ന വ്യാജ പ്രചരണവുമായി കോണ്‍ഗ്രസ് നേതാവ് പി സി വിഷ്‌ണുനാഥ്. ഭക്ഷണവും വെള്ളവുമില്ലാതിരുന്ന അതിഥി തൊഴിലാളികളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു എന്നായിരുന്നു വി്‌ഷ്‌ണുനാഥ് ട്വിറ്ററില്‍ കുറിച്ചത്. സംഭവത്തിൽ വിഷ്‌ണുനാഥിനെതിരെ പ്രതിഷേധം തുടരുകയാണ്‌. കേസെടുക്കണം എന്നും ആവശ്യം ഉയരുന്നു.

കോൺഗ്രസ് സൈബർ ടീമിന്റെ അജണ്ടയാണ് ഇതെന്നും സംശയിക്കുന്നു. പ്രമുഖ നേതാക്കളെ ഉപയോഗിച്ച് കള്ളവാർത്തകൾ പ്രചരിപ്പിച്ച് കലാപവും , അസ്വസ്ഥതയും സൃഷ്ടിക്കാൻ കരുതി കൂട്ടി നടത്തുന്ന പ്രചരണം ആണിത്. തിരുവനന്തപുരത്തെ സിപിഎം ആസ്ഥാനമായ എകെജി സെന്റർ ഐസൊലേഷൻ വാർഡ് ആക്കുന്നു എന്ന തരത്തിൽ ഒരു സന്ദേശവും കഴിഞ്ഞ ദിവസം പ്രചരിച്ചു. ഇതിനു പിന്നിലും കോൺഗ്രസ് - മുസ്ലിം ലീഗ് - എസ്‌ഡിപിഐ - ജമാഅത്തെ ഇസ്‌ലാമി സൈബർ ടീം ആണെന്ന് പറയപ്പെടുന്നു. ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിയ്ക്കുന്ന നേതാക്കൾക്കെതിരെ കർശന നടപടി വേണം എന്നാണ് ആവശ്യം ഉയരുന്നത്.

പായിപ്പാട് തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചതെന്നും കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജ പ്രചരണം തുടരുകയായിരുന്നു.

'കേരളത്തില്‍ കോട്ടയം ജില്ലയിലെ പായിപ്പാട്ട് നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മൂന്നു ദിവസമായി ഭക്ഷണവും വെള്ളവും ഇല്ല.സമരം ചെയ്തവരെ കേരളാ പോലീസ് അതിക്രൂരമായി തല്ലിചതച്ചു.'; ഇതായിരുന്നു വിഷ്ണുനാഥിന്റെ ട്വീറ്റ്.

അതിഥി തൊഴിലാളികള്‍ക്കായി ഉത്തരേന്ത്യയിലേയ്ക്ക് നിലമ്പൂരില്‍ നിന്നും ട്രെയിനുണ്ടെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കള്ളങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടുള്ള കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങള്‍ തുടരുന്നത്.

അതേസമയം, 5178 ക്യാംപുകള്‍ അതിഥി തൊഴിലാളികള്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോള്‍ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അതിഥി തൊഴിലാളികളുടെ ക്യാംപുകള്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാര്‍ഡുകളെ ചുമതലപ്പെടുത്തി. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലെ സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കും.

സൗകര്യപ്രദമായ രീതിയില്‍ ഇവരെ താമസിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അതനുസരിച്ച് സൗകര്യങ്ങള്‍ ഉറപ്പാക്കണം. ആട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, പരിപ്പ് തുടങ്ങിയവയെല്ലാം നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനതല കണ്‍ട്രോള്‍ റൂം തുറന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

pic.twitter.com/4UIODSn1gZ

 

31-Mar-2020