കോവിഡ് നേരിടാൻ ‘പിഎം കെയേഴ്‌സ്’ എന്ന പേരിൽ പ്രത്യേക ഫണ്ട് സമാഹരിക്കുന്നത് സുതാര്യമല്ലെന്ന് ആരോപണം ഉയരുന്നു. 1948 മുതൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ട്. ഇതിൽ 3800 കോടി രൂപ മിച്ചവുമുണ്ട്. ഈ ഫണ്ട് സുതാര്യവും സിഎജി ഓഡിറ്റ് ചെയ്യുന്നതുമാണ്. സംഭാവന നൽകുന്നവർക്ക് അപ്പോൾത്തന്നെ രസീതും ലഭിക്കും. എന്നാൽ പിഎം കെയേഴ്‌സിന് പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരും ഉൾപ്പെട്ട ട്രസ്‌റ്റാണുള്ളത്. അതിൽ പ്രതിപക്ഷത്തിന്റെയോ സാമൂഹ്യ സംഘടനകളുടെയോ പ്രതിനിധികളില്ല. ഓഡിറ്റിങ്ങോ ട്രസ്റ്റികളുടെ ഉത്തരവാദിത്ത നിർവഹണം സംബന്ധിച്ച് പരിശോധനയോ ഇല്ല. സുതാര്യത തീരെയില്ല. പ്രധാനമന്ത്രിയുടെ വെബ് പേജ് വഴിയാണ് സംഭാവന സ്വീകരിക്കുന്നത്. സർക്കാർ ജീവനക്കാരുടെയും പ്രൊഫഷണലുകളുടെയും സൈനിക–-അർധസൈനികരുടെയും ഒരു ദിവസത്തെ ശമ്പളവും ആവശ്യപ്പെടുന്നുണ്ട്. ഈ ഫണ്ടിലേക്ക് സംഭാവന നൽകിയതു കൊണ്ടു മാത്രം കോർപറേറ്റുകൾ സാമൂഹ്യബാധ്യത നിറവേറ്റിയതായി കരുതും. പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇരകളെ സഹായിക്കാനെന്ന പേരിൽ ‘ഭാരത് കെ വീർ’ എന്ന പേരിൽ സമാന രീതിയിൽ ഫണ്ട് ശേഖരിച്ചു. ഈ ഫണ്ട് എങ്ങനെ വിനിയോഗിച്ചുവെന്ന് വ്യക്തമല്ല. ആരോഗ്യം സമവർത്തി പട്ടികയിലുള്ള വിഷയമാണ്. സംസ്ഥാനങ്ങൾക്ക് ഇതിൽ പ്രധാന പങ്കുണ്ട്. സംസ്ഥാനങ്ങളുടെ വരുമാനം വൻതോതിൽ ചുരുങ്ങി. കേന്ദ്രം ജിഎസ്‌ടി കുടിശ്ശിക നൽകാനുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഫണ്ടു വഴി ലഭിക്കുന്ന പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റി സംസ്ഥാനങ്ങൾക്ക് വിഹിതം നൽകണം. പുതിയ ഫണ്ടിന് ‘ഇന്ത്യ കെയേഴ്‌സ്’ എന്ന പേരാണ് ഉചിതമെന്നും സിപിഎം പ്രസ്‌താവനയിൽ പറഞ്ഞു.