മോഡി അന്ന് ചെയ്തത് തെറ്റാണെന്ന് അടിവരയിട്ട് കേരളം

കോവിഡ് ദുരന്തത്തെ നേരിടാൻ വിദേശ രാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിയ്ക്കാൻ ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം തെറ്റു തിരുത്തി എടുത്തതാണെന്നും , അതിനെ സ്വാഗതം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് നിരവധി രാജ്യങ്ങൾ സഹായം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്ന് മോദിയുടെ വാദം അത് രാജ്യത്തിൻറെ യശസ്സിനെ കളങ്കപ്പെടുത്തും എന്നായിരുന്നു. കേരളത്തെ സംരക്ഷിയ്ക്കാൻ വേണ്ടത് കേന്ദ്രസർക്കാർ  ചെയ്യും എന്നും മോഡി പറഞ്ഞിരുന്നു അന്ന്. എന്നാൽ അർഹതപ്പെട്ട യാതൊരു സഹായവും കേരളത്തിന് ചെയ്തില്ല എന്ന് മാത്രമല്ല, അരിയ്ക്കും, മണ്ണെണ്ണയ്ക്കും, രക്ഷപ്രവർത്തനം നടത്തിയ ഹെലികോപ്റ്ററിനും ഉൾപ്പെടെ പണം എണ്ണി വാങ്ങുകയും ചെയ്തു മോഡി. അന്ന് സുമനസ്സുകളായ ഒരു പിടി മനുഷ്യരുടെ സഹായത്താൽ കേരളം പിടിച്ചു നിന്നു. അന്നും അത്തരം ആഭ്യന്തര സഹായങ്ങളെ പോലും തുരങ്കം വച്ചവരാണ് കേരളത്തിലെ ബിജെപി സംസ്ഥാന നേതാക്കളും സ്വന്തം പ്രതിപക്ഷ നേതാവും. അത്തരത്തിൽ നീചമായ രാഷ്ട്രീയ വേട്ട നടത്തിയ മോഡി സർക്കാരിനോട് യാതൊരു വൈരാഗ്യവും സൂക്ഷിയ്ക്കാതെ പ്രധാനമന്ത്രിയുടെ നടപടി സ്വാഗതം ചെയ്യുന്നു എന്ന ഒറ്റ പ്രസ്താവനയിൽ പിണറായി വിജയൻ രാഷ്ട്രീയ കേരളത്തിന്റെ മുഴുവൻ കയ്യടിയും വാങ്ങുകയാണ്. അന്നെടുത്ത തെറ്റായ നിലപാട് തിരുത്തിയ നടപടി സ്വാഗതാർഹമാണ് എന്ന് പിണറായി വിജയൻ പറയുമ്പോൾ അത് കേരളത്തിൽ കഴിഞ്ഞ നാല് വർഷക്കാലം കൊണ്ട് രൂപപ്പെട്ട പുതിയ രാഷ്ട്രീയ സംസ്ക്കാരത്തിന്റെ പ്രതിഫലനം കൂടെയായി തീരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു .

02-Apr-2020