കേരളം വേറെ ലെവലാണ് ഭായ്

കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്‌മ മോഹന്‍ദാസാണ്‌ ഡിസ്‌ചാര്‍ജ് ആയത്‌. മന്ത്രി കെ കെ ശൈലജയാണ്‌ ഇക്കാര്യം അറിയിച്ചത്‌. അതോടൊപ്പം ഇനിയും ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ചെയ്യാൻ തയ്യാറാണെന്ന രേഷ്മയുടെ വാക്കുകളെ കേരളം അത്യാവേശത്തോടെ കയ്യടിച്ച് സ്വീകരിയ്ക്കുകയാണ്. കേരളം വേറെ ലെവലാണ് ഭായ് എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ രേഷ്മയെ സ്വീകരിയ്ക്കുന്നത്.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ ;

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രേഷ്‌മ വീട്ടിലേക്ക് പോയത്. 14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് രേഷ്‌മ പറയുന്നത്. നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗക്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ഡ്യൂട്ടിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് രേഷ്‌മ വ്യക്തമാക്കുന്നത്. രേഷ്‌മയെ വിളിച്ച് സന്തോഷം പങ്കുവച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിച്ച നഴ്‌സിനായിരുന്നു രേഷ്മ. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത് ശുശ്രൂക്ഷിക്കേണ്ടി വന്നു. ആരോഗ്യം പോലും നോക്കാതെ സ്വന്തം മാതാപിതാക്കളെ പ്പോലെ നോക്കിയാണ് രേഷ്മ അവരെ പരിചരിച്ചത്.

ഡ്യൂട്ടി ടേണ്‍ അവസാനിച്ച ശേഷം രേഷ്മയ്ക്ക് മാര്‍ച്ച് 23ന് ചെറിയ പനി ഉണ്ടായി. ഉടന്‍ തന്നെ ഫീവര്‍ ക്ലിനിക്കല്‍ കാണിച്ചു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാമ്പിളുകളെടുത്ത് പരിശോധയ്ക്കായി അയയ്ക്കുകുയും കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളില്‍ ഉണ്ടായില്ല.

03-Apr-2020