അമേരിക്കയിൽ ഒറ്റദിവസം മരണം 1480 ; ആകെ മരിച്ചവരുടെ എണ്ണം 9000

അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ ഓരോ മിനിറ്റിലും മരണം. വെള്ളിയാഴ്‌ച രാത്രി എട്ടരവരെയുള്ള 24 മണിക്കൂറിൽ 1480 പേരാണ്‌ മരിച്ചത്‌. ആകെ മരിച്ചവരുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക്‌. വെള്ളിയാഴ്‌ചവരെ മരണസംഖ്യ 7406 ആയിരുന്നു. രോഗികളുടെ എണ്ണം മൂന്ന്‌ ലക്ഷം കടന്നു. മരണത്തിൽ 2935 ഉം ന്യൂയോർക്ക്‌ സംസ്ഥാനത്താണ്‌. മൂന്ന്‌ ദിവസംകൊണ്ട്‌ മരണസംഖ്യ ഇരട്ടിയായി. 24 മണിക്കൂറിൽ മരിച്ചത്‌ 562 പേർ. അതായത്‌ രണ്ടര മിനിറ്റിനിടെ ഒാരോ മരണം. ന്യൂയോർക്ക്‌ നഗരത്തിൽമാത്രം ഇതുവരെ 1867 പേർ മരിച്ചു.

ന്യൂയോർക്കിലെ മരണനിയന്ത്രണത്തിന്റെ ഭാഗമായി വെന്റിലേറ്ററുകളുടെ പുനർവിതരണം നടത്തും. ആശുപത്രികളിലും സ്വകാര്യ വ്യവസായശാലകളിലും സ്ഥാപനങ്ങളിലും വെറുതെയിരിക്കുന്ന വെന്റിലേറ്ററുകൾ ആശുപത്രികളിൽ എത്തിക്കും. ഇവ ആവശ്യം കഴിഞ്ഞ്‌ ഉടമസ്ഥർക്ക്‌ തിരിച്ച്‌ എത്തിക്കുകയോ പകരം പണം നൽകുകയോ ചെയ്യുമെന്ന്‌ ഗവർണർ ആൻഡ്രൂ ക്വോമോ ഉറപ്പുനൽകി. ന്യൂയോർക്കിലും അമേരിക്കയിൽ ആകെയും വേണ്ടത്ര വെന്റിലേറ്ററുകളോ ആരോഗ്യപ്രവർത്തകർക്ക്‌ ആവശ്യമായ സുരക്ഷാവസ്‌ത്രമോ ഇല്ലാത്തതിൽ ഗവർണർ രോഷം പ്രകടിപ്പിച്ചു.

മറ്റ്‌ രാജ്യങ്ങളിൽ
കോവിഡ്‌ ഏറ്റവും രൂക്ഷമായി ബാധിച്ച മറ്റ്‌ രാജ്യങ്ങളിലെ മരണസംഖ്യ ; ഇറ്റലി–-15362, സ്‌പെയിൻ–-11744, ഫ്രാൻസ്‌–-7125, ബ്രിട്ടൻ–- 4313, ഇറാൻ–-3452, ചൈന–-3326, നെതർലൻഡ്‌സ്‌–- 1651, ജർമനി–-1335, ബെൽജിയം–- 1283.

05-Apr-2020