ബിഎആർസി (ബ്രോഡ്‌കാസ്‌റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു
അഡ്മിൻ
കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താസമ്മേളനത്തിന്റെ തത്സമയ സംപ്രേക്ഷണം ചാനലുകളുടെ റേറ്റിങ് ഉയർത്തി. ന്യൂസ് ചാനലുകളിലെ ഏറ്റവും വലിയ ജനപ്രിയ പരിപാടിയാണ് ഇതെന്ന് റേറ്റിങ് ഏജൻസിയായ ബിഎആർസി (ബ്രോഡ്‌കാസ്‌റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കേരളീയർ ടിവിയിൽ മുടങ്ങാതെ കാണുന്ന പരിപാടിയായി മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം മാറി.
ചാനലുകളുടെ റേറ്റിങ് ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് കിട്ടുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് കിട്ടുന്നതിനെക്കാൾ ഉയർന്ന റേറ്റിങ് ആണ് പല ചാനലുകൾക്കും. റേറ്റിങ്ങിലെ കുതിച്ചുചാട്ടം മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ഇത് ആകർഷിക്കുന്നതായി ‘ബാർകി’ന്റെ സ്ഥിതിവിവര കണക്കിൽ ചൂണ്ടിക്കാട്ടി. വൈകിട്ട് ആറുമുതൽ ഏഴുവരെയുള്ള തത്സമയ സംപ്രേക്ഷണം ആളുകൾ ആദ്യാവസാനം കാണുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റുകളുടെ ലൈക്കും ഉയർന്നു. ലക്ഷക്കണക്കിന് ലൈക്ക് ആണ് പല പോസ്‌റ്റുകൾക്കും ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ കോവിഡ് അവലോകനത്തിന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരിൽ വൻ സ്വീകാര്യതയാണുള്ളത്. ചലച്ചിത്ര, സാമൂഹ്യ രംഗങ്ങളിലുള്ളവരും രാഷ്‌ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരും മുഖ്യമന്ത്രിയുടെ അവലോകനം വലിയ ആത്മവിശ്വാസം പകരുന്നതായി അഭിപ്രായപ്പെട്ടിട്ടുണ്ട്.