രണ്ട് ലക്ഷം മാസ്കുകള്‍ അമേരിക്ക തട്ടിയെടുത്തെന്ന് ജര്‍മനി
അഡ്മിൻ
കൊറോണ വൈറസ് മാഹാവ്യാധി ലോകം മുഴുവന്‍ ആളുകളെ കൊന്നൊടുക്കുകയാണ്. വൈറസ് പടരുന്നത് തടയാന്‍ മാസ്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. ചൈന ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങള്‍ നേരത്തെ മാസ്ക് ഉപയോഗം വ്യാപമാക്കിയിരുന്നു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്നില്ല. രോഗം ഇല്ലാത്തവര്‍ മാസ്ക് ധരിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിരുന്നു.
ഇപ്പോഴിതാ മാസ്കുകളുടെ പേരില്‍ ലോകരാജ്യങ്ങള്‍ ഏറ്റുമുട്ടുകയാണ്. രണ്ട് ലക്ഷത്തോളം എന്‍95 മാസ്കുകള്‍ അമേരിക്ക തട്ടിയെടുത്തെന്ന ആരോപണവുമായി ജര്‍മനി രംഗത്തെത്തി. ജര്‍മനിയിലേക്ക് മാസ്കുകള്‍ കൊണ്ടുപോവുകയായിരുന്ന മാസ്കുകള്‍ ബാങ്കോക്കില്‍ വിമാനം തടഞ്ഞുനിര്‍ത്തി അമേരിക്കയിലേക്ക് കൊണ്ടുപോയെന്ന് ജര്‍മനി ആരോപിച്ചു.
കൊവിഡ്-19 പടരുമ്പോള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ സ്വന്തമാക്കാനായി അന്ത്രാഷ്ട്ര വിപണിയില്‍ വന്‍ മത്സരമാണ് നടക്കുന്നത്. അതിനിടയിലാണ് അമേരിക്കയ്ക്കെതിരെ ജര്‍മനിയുടെ ആരോപണം. ചൈനയില്‍ നിന്ന് കൊണ്ടുവന്ന മാസ്ക് അമേരിക്ക തട്ടിയെടുത്തെന്നാണ് ആരോപണം. ഫ്രാന്‍സും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
അമേരിക്കയുടേത് ആധുനിക കാലത്തെ കൊള്ളയാണെന്ന് ബെര്‍ലിന്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി ആന്‍ഡ്രിയാസ് ജിസെല്‍ പറഞ്ഞു. അമേരിക്ക അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
3 എം എന്ന അമേരിക്കന്‍ കമ്പനിക്ക് വേണ്ടി ഒരു ചൈനീസ് കമ്പനിയാണ് മാസ്കുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ജര്‍മനിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും ബെര്‍ലിനില്‍ നിന്ന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്നും 3 എം അറിയിച്ചു.
മാസ്കുകള്‍ കിട്ടിയ ശേഷം പണം നല്‍കാമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാല്‍ അമേരിക്ക പണം നല്കി മാസ്കുകള്‍ കൊണ്ടുപോവുകയായിരുന്നെന്നും ജര്‍മന്‍ അധികൃതര്‍ പറയുന്നു. അമേരിക്ക ഇരട്ടിയിലധികം വില നല്കി അന്താരാഷ്ട്ര വിപണിയില്‍ നിന്ന് എല്ലാം വാങ്ങിക്കൂട്ടുകയാണെന്ന് ഫ്രാന്‍സും ആരോപിച്ചു.
മാസ്ക് ഉപയോഗിച്ചതുകൊണ്ട് രോഗം തടയാനാവില്ലെന്നായിരുന്നു നേരത്തെ അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) പറഞ്ഞത്. എന്നാല്‍ രോഗികളുടെ മൂന്ന് ലക്ഷത്തിലേക്കടുക്കുന്ന അമേരിക്കയില്‍ വെള്ളിയാഴ്ചയാണ് മാസ്ക് ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് ഉപയോഗിക്കണമെന്ന നിര്‍ദേശം വന്നത്.