സംസ്കാരചടങ്ങിൽ സഹായമായി അയൽക്കാരായ മുസ്ലിങ്ങൾ

"രാം നാം സത്യ ഹേ...’ഉത്തരേന്ത്യയിൽ ഹിന്ദു ആചാരപ്രകാരം ശവമഞ്ചം ചുമന്നുപോകുന്നവർ ചൊല്ലുന്നതാണിത്‌. മുംബൈയിലെ ബാന്ദ്രയിലും പശ്ചിമ ബംഗാളിലെ മാൽഡയിലും കഴിഞ്ഞ ദിവസം നടന്ന രണ്ട്‌ ശവസംസ്കാരചടങ്ങിൽ പതിവു തെറ്റാതെ ഈ മന്ത്രം ഉരുവിട്ടു. എന്നാൽ, പതിവിന്‌ വിപരീതമായി മുസ്ലിങ്ങളാണ്‌ മന്ത്രം ഉരുവിട്ടതെന്നു മാത്രം.

ബംഗാളിലെ മാൽഡയിൽ മരിച്ച 90കാരനായ ബിനയ്‌ സഹയുടെ വീട്‌ മുസ്ലിം ഭൂരിപക്ഷമേഖലയിലാണ്‌. 100 വീടുകളിൽ ഏക ഹിന്ദു കുടുംബം. കോവിഡ്‌ ഭീതിയിൽ ബന്ധുക്കൾക്ക്‌ വരാൻ കഴിയാത്തതോടെ അയൽക്കാരായ മുസ്ലിം വിഭാഗക്കാർ സഹായത്തിനെത്തുകയായിരുന്നു. ഹിന്ദു ആചാരങ്ങളോടെ അവർ സംസ്‌കാരം നടത്തി.

മുംബൈയിലെ ബാന്ദ്രയിൽ മരിച്ച 68കാരന്റെ സംസ്കാരചടങ്ങിലും ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇവർക്കും സഹായമായത്‌ അയൽക്കാരായ മുസ്ലിങ്ങൾ. മതമല്ല മനുഷ്യത്വമാണ്‌ വലുതെന്ന്‌ തെളിയിക്കുകയാണ്‌ ഈ രണ്ട്‌ സംഭവങ്ങളും.

10-Apr-2020