ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും

ഇന്ത്യയിൽ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ഡൽഹിയാണ് ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശം ആദ്യം മുന്നോട്ടുവയ്ക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ കർശനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഡൽഹി നിർദേശിച്ചു. തുടർന്ന് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചു.

ലോക്ക്ഡൗൺ പിൻവലിക്കാൻ കേരളവും ആവശ്യപ്പെട്ടില്ല. പിൻവലിക്കുകയാണെങ്കിൽ തന്നെ മൂന്ന് ഘട്ടമായി പിൻവലിക്കണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന സമൂഹവ്യാപന ഭീഷണിയടക്കം ചൂണ്ടിക്കാട്ടിയാണ് ലോക്ക്ഡൗൺ വേണമെന്ന ആവശ്യം ആന്ധ്രയും തെലങ്കാനയും മുന്നോട്ടുവെച്ചത്. ഒന്ന് രണ്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നു.

എല്ലാ മുഖ്യമന്ത്രിമാരുടേയും നിർദേശം ലോക്ക്ഡൗൺ നീട്ടണമെന്നായതുകൊണ്ട് ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനമാവുകയായിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് വേണ്ട എല്ലാ സഹായവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന ഉറപ്പും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണിൽ ആഭ്യന്തര വിമാന സർവീസ്, ട്രെയിൻ അടക്കമുള്ള പൊതുഗതാഗതം നിർത്തിവയ്ക്കുന്നത് തുടരും.

11-Apr-2020