ഡാറ്റ ചോർച്ച എന്ന ആരോപണം രമേശ് ചെന്നിത്തലയുടെ ഉണ്ടയില്ലാ വെടി.

ജന്മ നാടിനെ സഹായിക്കാൻ എത്തിയ പ്രവാസിയെ അപമാനിച്ച് പ്രതിപക്ഷ നേതാവ് അപഹാസ്യനാകരുത്
ഡാറ്റ ചോർച്ച എന്ന ആരോപണം രമേശ് ചെന്നിത്തലയുടെ ഉണ്ടയില്ലാ വെടി.

കഴിഞ്ഞ ദിവസം കോവിഡ് രോഗികളുടെ ഡാറ്റ സംസ്ഥാന സർക്കാർ അമേരിക്കയ്ക്ക് വിൽക്കുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം എട്ടു നിലയിൽ പൊട്ടുകയാണ്. ഫോൺ വിളി വീഡിയോ പൊളിഞ്ഞതും, അതിനെ തുടർന്ന് സോഷ്യൽമീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും അടക്കം ട്രോൾ മഴ ആയിരുന്നു ആ വീഡിയോ യെ കുറിച്ച് ഉണ്ടായത്. തൊട്ടു പുറകേ ആണ് വലിയ കണ്ടുപിടിത്തമായി രമേശ് ചെന്നിത്തല ആരോപിച്ച ഡാറ്റ വില്പന എന്ന വെടി ഉണ്ടയില്ലാത്തതാണെന്ന് തെളിയുന്നത്. ബീന സണ്ണി എഴുതിയ ഫേസ്ബുക് കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്. പോസ്റ്റിനൊടുവിൽ ബാക്കി വൈകിട്ട് "അണ്ണൻ" പറയും എന്ന് പറഞ്ഞാണ് ബീന അവസാനിപ്പിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ കൂടെ മറുപടി കഴിഞ്ഞ ദിവസങ്ങളിലെ പിണറായി സ്റ്റൈലിൽ വന്നാൽ രമേശ് ചെന്നിത്തലയുടെ അവസ്ഥ പരിതാപകരമാകും. വിശ്വസനീയത ഇല്ലാത്ത നേതാവായി തീരുന്നു എന്നതാണ് ചെന്നിത്തലയുടെ സമകാലിക ഗ്രാഫ്. ബീന സണ്ണിയുടെ പോസ്റ്റ് പൂർണ്ണമായി ചുവടെ കൊടുക്കുന്നു.

നാട്ടികക്കാരൻ എംഎ യൂസഫലി ബിസിനസ് നടത്തുന്നത് പ്രധാനമായും മിഡിൽ-ഈസ്റ്റിലാണ്. പക്ഷെ, ആ കാരണത്താൽ ആരും യൂസഫലിയെ അറബി എന്ന് വിളിക്കാറില്ല.
********
കേരളത്തിൽ പ്രദർശന വിജയം നേടിയ ഒരു മലയാള ചലചിത്രമായിരുന്നു പൃഥ്വിരാജ്, പാർവതി എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ച "എന്ന് നിന്റെ മൊയ്തീൻ'. ആർ എസ് വിമൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ മാവേലിക്കരക്കാരനായ ഒരു മലയാളി ആയിരുന്നു. അമേരിക്കയിൽ ബിസിനസ് നടത്തുന്ന ആൾ.
********

ഇന്നലെ ദു:ഖവെള്ളി ആയിരുന്നിട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു അടിയന്തരിര പത്ര സമ്മേളനം വിളിച്ച് സർക്കാറിന് എതിരെ ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിച്ചു.

കേരളത്തിൽ കോവിഡ് ഐസൊലേഷനിൽ കഴിയുന്ന രോഗികളുടെ ഡാറ്റ ഒരു അമേരിക്കൻ കമ്പനി ശേഖരിക്കുന്നു. അവർ കേരള സർക്കാരിന്റെ മുദ്ര അനൗദ്യോഗികമായി ഉപയോഗിക്കുന്നു. കേരളത്തിന്റെ ഐടി സെക്രട്ടറി ഈ കമ്പനിയുടെ പ്രമോ വീഡിയോയിൽ അഭിനയിക്കുന്നു... അമേരിക്കൻ കമ്പനി ഈ ലഭിക്കുന്ന ഡാറ്റകൾ ഇൻഷുറൻസ് കമ്പനികൾക്ക് മറിച്ച് വിൽക്കും. ടെൻഡർ വിളിക്കാതെ കരാർ നൽകിയതിലൂടെ മുഖ്യമന്ത്രി നടത്തിയത്‌ വൻ അഴിമതി. അങ്ങനെ പോകുന്നു ജൽപ്പനങ്ങൾ....
*******

തന്റെ മുൻ കമ്പനികളിലെ അനുഭവങ്ങൾ കൈമുതലാക്കി മാവേലിക്കരക്കാരൻ രാജി തോമസ് അമേരിക്ക കേന്ദ്രമാക്കി 2009ലാണ് സോഷ്യല്‍ മീഡിയ, കസ്റ്റമര്‍ മാനേജ്മെന്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പ്രിങ്ക്ളര്‍ എന്ന കമ്പനിക്ക് തുടക്കമിട്ടത്. ആദ്യ കാലത്ത് കമ്പനിയുടെ സെര്‍വറുകള്‍ സ്വന്തം വീടിന്റെ ബേസ്മെന്റിലാണ് അദ്ദേഹം പ്രവര്‍ത്തിപ്പിച്ചിരുന്നത്. എങ്കിലും സിസ്കോ, ഡെല്‍, വെര്‍ജിന്‍ അമേരിക്ക തുടങ്ങിയ വമ്പന്‍ ഇടപാടുകാരെ ആദ്യമേ തന്നെ ഒപ്പിക്കാൻ ഇദ്ദേഹത്തിനായി.

സ്പ്രിങ്ക്ളര്‍ ഒരു SaaS customer experience management (CXM) പ്ലാറ്റ്ഫോമാണ്. SaaS എന്നു പറഞ്ഞാല്‍ Software as a service.

രാജിയുടെ കഠിനാദ്ധ്വാനത്തിലൂടെ കമ്പനി വളര്‍ന്നു. ഇന്ന് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ-പെസഫിക്ക് എന്നീ മേഖലകളിലുള്ള 15 രാജ്യങ്ങളിലായി 25 ഓഫീസുകള്‍ സ്പ്രിങ്ക്ളറിനുണ്ട്. 1,500 ജീവനക്കാരുള്ള കമ്പനിയുമായി ഇടപാടുകള്‍ നടത്തുന്നതും 1,500 കമ്പനികള്‍!! അന്നും ഇന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് രാജി തോമസ്.
കഠിനാദ്ധ്വാനത്തിലൂടെ വളര്‍ച്ച നേടിയ ഒരു മലയാളി. പക്ഷേ, പ്രശസ്തിയില്‍ വലിയ താല്പര്യമില്ലാത്തതിനാല്‍ തന്നിലേക്കും തന്റെ തൊഴിലിലേക്കും ഒതുങ്ങിക്കൂടി. കലാപരമായ താല്പര്യങ്ങളുടെ പേരില്‍ ഒരു മലയാള സിനിമ നിര്‍മ്മിച്ചുവെങ്കിലും അതിന്റെ പേരില്‍ പബ്ലിസിറ്റി നേടാനൊന്നും നിന്നില്ല. ഈ മലയാളി കമ്പനിയുടെ പുറത്താണ് രമേശ് ചെന്നിത്തല ഇപ്പോള്‍ അമേരിക്കന്‍ മുദ്ര കുത്തി ഡാറ്റാചോരണം ആരോപിച്ചിരിക്കുന്നത്.
†*****†*****†
കേരള ഐ.ടി. വകുപ്പ് നടപ്പാക്കി ഒരു പദ്ധതിയിലൂടെയാണ് കേരള സര്‍ക്കാരും രാജിയുമായുള്ള ബന്ധം തുടങ്ങുന്നത്. ഒരു knowledge economy എന്ന നിലയില്‍ കേരളത്തിന്റെ സാദ്ധ്യതകള്‍ എന്താണെന്ന് അവലോകനം ചെയ്യുന്നതിനായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് #FUTURE (ഹാഷ് ഫ്യൂച്ചര്‍) എന്നൊരു ഉച്ചകോടി 2018ല്‍ കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. ഓരോ 2 വര്‍ഷം കൂടുമ്പോഴും ഇത് സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയുംചെയ്തു. പരിപാടിയുടെ രണ്ടാമദ്ധ്യായം ഈ വര്‍ഷം നടക്കേണ്ടതാണെങ്കിലും കോവിഡ് 19 കാരണം അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഇതൊരു നിക്ഷേപക സംഗമമായല്ല മറിച്ച് ചര്‍ച്ചാപരമ്പരയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി.ഷിബുലാലായിരുന്നു നേതൃത്വം. വിവിധ മേഖലകളിലുള്ള അക്കാദമിക് വിദഗ്ദ്ധര്‍, സ്റ്റാര്‍ട്ട്അപ്പുകളുടെ സാരഥികള്‍, തങ്ങളുടേതായ സ്ഥാതപമുറപ്പിച്ച കമ്പനികളുടെ തലപ്പത്തുള്ളവര്‍ എന്നിവരെയെല്ലാം വിളിച്ചുവരുത്തി ചര്‍ച്ച വിജയകരമായി നടന്നു.

കൊച്ചിയിലെ സമ്മേളനത്തിന്റെ തുടര്‍ച്ചായി #FUTURECONNECT എന്ന പേരില്‍ യൂറോപ്പിലും ദുബായിലും അമേരിക്കയിലും 3 റോഡ്ഷോകള്‍ പിന്നീട് സര്‍ക്കാര്‍ സംഘടിപ്പിച്ചു. ഒരുപാട് സ്ഥാപനങ്ങളില്‍ നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ കഴിയുന്ന സ്ഥാനങ്ങളില്‍ -സി.ഇ.ഒ., സി.ടി.ഒ. പോലുള്ള തസ്തികകളില്‍ -മലയാളികളാണ്. ഇവരുടെ ഒരു അനൗപചാരിക ശൃംഖലയുണ്ടാക്കി കേരളത്തെക്കുറിച്ച് നല്ല അഭിപ്രായം പ്രചരിപ്പിക്കുക എന്നതാണ് #FUTURECONNECT ലക്ഷ്യമിട്ടത്. നിസ്സാന്‍ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്ത്പുരത്ത് എത്തിക്കാന്‍ ടോണി തോമസിന്റെ സേവനം പ്രയോജനപ്പെടുത്തിയതു പോലൊരു പരിപാടി. ഈ പരിപാടിയുടെ ഭാഗമായി ബോസ്റ്റണില്‍ നടന്ന ഒത്തുചേരലില്‍ രാജി തോമസിന് ക്ഷണമുണ്ടായിരുന്നു. ആ മേഖലയില്‍ സ്വാധീനം ചെലുത്താനാവുന്ന മലയാളി എന്ന നിലയില്‍ തന്നെയാണ് ക്ഷണിച്ചത്. എന്നാല്‍, രാജിക്ക് ആ പരിപാടിയില്‍ പങ്കെടുക്കാനായില്ല. എന്നാല്‍, അതിനുശേഷം അദ്ദേഹം കേരള സര്‍ക്കാരുമായി ആശയവിനിമയം തുടര്‍ന്നു. കേരളത്തില്‍ നിക്ഷേപം നടത്താനും സ്പ്രിങ്ക്ളറിന്റെ ഒരു കേന്ദ്രം സ്ഥാപിക്കാനുമെല്ലാം രാജിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് 19 ഭീഷണിയായി എത്തിയത്.
***********

വെറും 11 വര്‍ഷം പ്രായമുള്ള ഒരു സ്റ്റാര്‍ട്ടപ്പാണ് സ്പ്രിങ്ക്ളര്‍. പക്ഷേ, ലോകത്തെ ഏറ്റവും വലിയ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് (സി.ആര്‍.എം.) കമ്പനികളിലൊന്ന്. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേരളത്തിനായി എന്തു ചെയ്തുതരാനാവുമെന്ന് രാജിയോട് സര്‍ക്കാര്‍ ആരാഞ്ഞു. ക്രോഢീകരിക്കാത്ത അനേകം വിവരങ്ങള്‍ -കുവൈറ്റിലെ മലയാളിക്ക് കൊറോണ, യുക്രൈനില്‍ മലയാളി കുടുങ്ങിക്കിടക്കുന്നു തുടങ്ങിയ രൂപത്തിലുള്ളവ -സര്‍ക്കാരിന്റെ മുന്നിലെത്താറുണ്ട്. ഇത്തരം വിവരങ്ങള്‍ അനായാസം ക്രമീകരിക്കാനാവും എന്നതാണ് രാജിയും പ്ലാറ്റ്ഫോമിന്റെ ഗുണം. അതിനെ പ്രയോജനപ്പെടുത്താമെന്ന നിലയില്‍ അദ്ദേഹം നിര്‍ദ്ദേശം വെച്ചു. അതിനെക്കാള്‍ പ്രധാനം രോഗികളുടെ സുഗമമായ ഏകോപനം സാദ്ധ്യമാക്കാനുള്ള സങ്കേതമാണെന്നും അതു ചെയ്തുതരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ടു താമസിക്കുന്ന വൃദ്ധജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്തേ പറ്റൂ എന്നും അവരാണ് കൂടുതല്‍ ഭീഷണിയിലാവുന്നതെന്നും ചൂണ്ടിക്കാട്ടി. താനടക്കമുള്ളവരുടെ അച്ഛനമ്മമാര്‍ക്കായി രാജി ആ ദൗത്യം ഏറ്റെടുത്തു, വികസിപ്പിച്ചു. അതാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വിവാദമാക്കിയിരിക്കുന്ന സംവിധാനത്തിന് വഴിവെച്ചത്.

രാജിയോട് സര്‍ക്കാര്‍ ഈ പ്രത്യേക ആവശ്യമുന്നയിക്കാന്‍ കാരണമുണ്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ നിര്‍ണ്ണായകമായൊരു ഘട്ടമാണ് റിവേഴ്സ് ഐസൊലേഷന്‍. ഇത് പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ 10-20 ലക്ഷം പ്രായമായ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും വീട്ടില്‍ കിടത്തേണ്ടി വരും. അവര്‍ക്ക് എന്തൊക്കെ അസുഖമുണ്ട്, അര്‍ബുദം ബാധിച്ചവര്‍ എത്രയുണ്ട്, അവരുടെ സ്ഥിതി എന്താണ് തുടങ്ങിയവയെല്ലാം നോക്കി പറയുന്ന രീതിയില്‍ ഡാറ്റ അനലൈസ് ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടിവരും. ഒരു മുന്‍ഗണാ ക്രമത്തില്‍ അവരെ ആശുപത്രിയിലാക്കണമെങ്കില്‍ അതു സംബന്ധിച്ച കൃത്യമായ വിവരം വേണം. ഈ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിനായി എക്സല്‍ ഷീറ്റും ഗൂഗിള്‍ സ്പ്രെഡ് ഷീറ്റും വെള്ളക്കടലാസും പേനയും ലെഡ്ജറും വെച്ചെഴുതാന്‍ പറ്റില്ല. അതിന് വളരെ ശക്തമായ അനലിറ്റിക് ടൂള്‍ വേണം. അവിടെയാണ് സ്പ്രിങ്ക്ളറിന്റെ പ്രസക്തി.

പ്രതിപക്ഷ നേതാവ് പറയുമ്പോലെ സ്പ്രിങ്ക്ളര്‍ വെറുമൊരു മാര്‍ക്കറ്റിങ് കമ്പനിയല്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച പരിചയമില്ല എന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞതിനെ ശുദ്ധവിവരക്കേട് എന്നു തന്നെ പറയുകയേ നിവൃത്തിയുള്ളൂ. കാരണം ലോകാരോഗ്യ സംഘടനയുടെ ഡാറ്റ മുഴുവന്‍ ക്രോഢീകരിക്കുന്നത് രാജി തോമസ് എന്ന മലയാളിയുടെ -രമേശ് ചെന്നിത്തലയുടെ ഭാഷയില്‍ പറഞ്ഞാല്‍ അമേരിക്കന്‍ -കമ്പനിയാണ്. ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 ഡാഷ്ബോര്‍ഡ് ഇപ്പോള്‍ കേരളത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന് അദ്ദേഹം ആരോപിച്ച അതേ സ്പ്രിങ്ക്ളര്‍ സെര്‍വറില്‍ തന്നെയാണ്!

ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി ജോലി ചെയ്യാനുപയോഗിക്കുന്ന അതേ സങ്കേതമുപയോഗിച്ചാണ് കേരളത്തിനു വേണ്ടിയും രാജി പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലോകാരോഗ്യ സംഘടനയുടെ ഡാറ്റ തന്നെ അവലോകനം നടത്തി ഓരോ ദിവസവും സ്പ്രിങ്ക്ളര്‍ കേരളത്തിന് റിപ്പോര്‍ട്ട് നല്‍കുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് ഹോം ഐസൊലേഷനിലുള്ളവരുടെയും പ്രായം ചെന്നവരുടെയും രോഗവ്യാപന സാദ്ധ്യതയുള്ളവരുടെയും വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നത്. പ്രമേഹം, സ്‌ട്രോക്ക്, വൃക്കരോഗം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ തൈറോയ്ഡ് രോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദിക്കുന്നത് രോഗികളുടെ മുന്‍ഗണന പട്ടിക തയ്യാറാക്കുന്നതിനു തന്നെയാണ്. ഇത്തരം ശാരീരികാവസ്ഥയുള്ളവരെ കോവിഡ് 19 വേഗത്തില്‍ ബാധിക്കുമെന്ന് അറിയാത്തവര്‍ ഇപ്പോഴും നാട്ടിലുണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ വാദമുഖങ്ങള്‍ വ്യക്തമാക്കുന്നു.

ശേഖരിക്കുന്ന പ്രാഥമിക വിവരങ്ങള്‍ക്കൊപ്പം ഓരോ ദിവസവും വീട്ടില്‍ പോകുമ്പോള്‍ ചുമച്ചോ, പനിയുണ്ടോ എന്നൊക്കെ കൂടി എടുത്തുകഴിഞ്ഞാല്‍ ആ വ്യക്തിയുടെ കൃത്യമായ ആരോഗ്യനില കിട്ടും. അത് നമുക്ക് ആവശ്യമായ സംവിധാനമൊരുക്കാന്‍ വളരെ പ്രയോജനമാകും. അതായത് കേരളത്തിലെ ആരോഗ്യചികിത്സാ വിവരങ്ങള്‍ ക്രോഢീകരിക്കാന്‍ ഇന്ന് ഏറ്റവും യോഗ്യതയുള്ളത് ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി ഇതേ ജോലികള്‍ ചെയ്യുന്ന രാജിയുടെ കമ്പനിക്കാണെന്നു സാരം. ഈ വിശകലനം രമേശ് ചെന്നിത്തല പറഞ്ഞ പോലെ സി-ഡിറ്റിനോ, ഐ.ടി. മിഷനോ ചെയ്യാനാവില്ല തന്നെ. കാരണം ഇതിനുള്ള സങ്കേതം നിലവില്‍ അവരുടെ പക്കലില്ല. വികസിപ്പിക്കാനൊട്ടു സമയവുമില്ല.

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന സി.ആര്‍.എം. ടൂള്‍ ലഭ്യമാക്കുന്നതിന് രാജിയുടെ കമ്പനിയുമായി കേരള സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. കോവിഡ് ഭീഷണി ഒഴിയും വരെ ഇത് സൗജന്യമാണ്. കേരള സർക്കാറിനുവേണ്ടി രാജി തോമസ് Citizen Centre സൃഷ്ടിച്ച. Citizen App തയ്യാറാക്കി നല്‍കി. കോവിഡ് 19നെ നേരിടുന്നതില്‍ കേരളം ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നു.

ഡാറ്റയാണ് അവരുടെ കസ്റ്റമര്‍ റിസര്‍ച്ച് മാനേജ്മെന്റിലെ അസംസ്കൃത വസ്തു. അതുപയോഗിച്ച് രാജി പുറത്തുകൊണ്ടുവരുന്നത് നമുക്കാവശ്യമായ റിപ്പോര്‍ട്ടും അനലിറ്റിക്സുമാണ്. ഈ ഡാറ്റ മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാരനു കൊടുക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഈ ഡാറ്റ കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിക്കാരന്‍ എന്തു ചെയ്യും? വീടുതോറും നടന്ന് ഇന്‍ഷുറന്‍സ് പിരിക്കുമോ? സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിക്ക് കരാറില്‍ കൂടുതല്‍ തുക വേണമെന്നാവശ്യപ്പെടുമോ? ഒറ്റപ്പാലത്തെ തങ്കപ്പന് ചുമയുണ്ടോ എന്നറിഞ്ഞിട്ട് അമേരിക്കക്കാരന്‍ എന്തു ചെയ്യാനാണ്? അമേരിക്കക്കാരന് ഇപ്പോള്‍ ഒരു ഡാറ്റയും വേണ്ട. അവന്റെ കൈയിലുള്ള ഡാറ്റ പോലും പ്രയോജനപ്പെടുത്താനാവുന്നില്ലെന്ന് ഇപ്പോള്‍ ലോകം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.


ഡാറ്റ വില്പന, ഡാറ്റ ചോര്‍ച്ച എന്നൊക്കെ പറയുമ്പോള്‍ പ്രതിപക്ഷ നേതാവ് സൗകര്യപൂര്‍വ്വം മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. അദ്ദേഹം നിലവില്‍ ഉപയോഗിക്കുന്ന ഡാറ്റയെല്ലാം സൂക്ഷിച്ചിരിക്കുന്നത് കേരളത്തിലാണോ എന്നത്. ഉദാഹരണത്തിന് രമേശ് ചെന്നിത്തല ഉപയോഗിക്കുന്ന ഐഫോണിന്റെ കാര്യമെടുക്കാം. കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കിട്ടിയിരുന്ന വിവരങ്ങളടക്കമുള്ളവര്‍ അദ്ദേഹം ബാക്കപ്പ് എടുത്ത് സൂക്ഷിക്കുന്നത് ഐ-ക്ലൗഡിലല്ലേ? കെ.പി.സി.സി. ഓഫീസിലാണോ? ആപ്പിള്‍ എന്നത് ഹരിപ്പാടുള്ള കമ്പനിയാണോ അമേരിക്കന്‍ കമ്പനിയാണോ? പ്രവാസികളെ ഫോണ്‍ വിളിച്ചപ്പോള്‍ വിവരങ്ങളെല്ലാം രമേശ് ചെന്നിത്തലയുടെ ജിമെയിലിലേക്ക് അയയ്ക്കണം എന്നാഹ്വാനം കണ്ടു. അതിന്റെ സെര്‍വര്‍ എ.ഐ.സി.സി. ഓഫീസിലാണോ? ഗൂഗിള്‍ അമേരിക്കന്‍ കമ്പനിയല്ലേ? ആ ഡാറ്റ ചോരില്ലേ?

പ്രവാസിസ്നേഹം പ്രകടിപ്പിക്കാന്‍ നടത്തിയ ഫോണ്‍വിളി നാടകം ചീറ്റിയതിനു പിന്നാലെ ജന്മനാടിനെ സഹായിക്കാനെത്തിയ ഒരു പ്രവാസിക്കെതിരെ കുത്സിതപ്രവര്‍ത്തനവുമായി ഇറങ്ങുമ്പോള്‍ തുടര്‍ച്ചയായി അപഹാസ്യനായിക്കൊണ്ടിരിക്കുകയാണ് താനെന്ന് പ്രതിപക്ഷ നേതാവിന് മനസ്സിലാവുന്നില്ല. വലിയ വ്യവസായികളായ എം.എ.യൂസുഫലിയും രവി പിള്ളയുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ സംഭാവന നല്‍കുമ്പോള്‍ തന്നെക്കൊണ്ടാവുന്നത് രാജി തോമസ് എന്ന സംരംഭകനും ചെയ്യുന്നു. യൂസുഫലിയും രവിപിള്ളയും കാണിക്കുന്നത് സ്നേഹവും രാജിയുടേത് അഴിമതിയും എന്നു പറഞ്ഞാല്‍ എങ്ങനെ അതെങ്ങനെ ആണ് ശരിയാകുന്നത്??
***********

NB: ഇത്രയുമേ ഇപ്പോൾ പറയുന്നുള്ളൂ. ബാക്കി വൈകീട്ട് 6 മണിക്ക് "അണ്ണൻ തരും"

കുളിച്ച് പൗഡറൊക്കെ ഇട്ട് കുട്ടപ്പനായി ഇരുന്നോ....!!

11-Apr-2020