ശ്രമിക്കിൽ മരിച്ചവർ 9

രാഷ്ട്രീയക്കളിക്ക്‌ റെയിൽവേയെയും  ഉപകരണമാക്കി മോഡി സർക്കാർ. രാജ്യത്ത്‌ കോവിഡ്‌ രോഗികളും  മരണവും പെരുകുമ്പോഴാണ്‌ സംസ്ഥാന സർക്കാരുകളെ തമ്മിലടിപ്പിക്കാൻ‌ ശ്രമിക്‌ പ്രത്യേക ട്രെയിൻ സർവീസുകളെ കേന്ദ്രം ഉപയോഗപ്പെടുത്തുന്നത്‌. ട്രെയിനുകൾ അടിക്കടി വഴി തെറ്റുമ്പോൾ  മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനുള്ള വ്യഗ്രതയിലാണ്‌ റെയിൽവേ മന്ത്രി പിയൂഷ്‌ ഗോയൽ.

ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള മഹാരാഷ്ട്രയിൽനിന്ന്‌ സുരക്ഷാമാനദണ്ഡങ്ങൾ ഒന്നും പാലിക്കായൊണ്‌‌‌ ട്രെയിൻ ഓടിക്കുന്നത്‌. എത്തേണ്ട സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക്‌ യാത്രക്കാരുടെ വിവരങ്ങൾ കൈമാറുന്നില്ല.  ഉംപുൻ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ ദിവസം രണ്ട്‌ ട്രെയിൻമാത്രം അയച്ചാൽ മതിയെന്ന്‌ മഹാരാഷ്ട്ര സർക്കാരിനോട്‌ പശ്‌ചിമബംഗാൾ സർക്കാർ നിർദേശിച്ചു. എന്നാൽ, അവിടേക്ക്‌ ഒറ്റദിവസം അയക്കാൻ തീരുമാനിച്ചത്‌ 43 ട്രെയിൻ. പല ട്രെയിനുകളും എത്തുന്നത്‌ മുൻകൂർ വിവരം ഇല്ലാതെയാണെന്ന്‌ ബിഹാറും ആരോപിച്ചു. 1,200–-1,500 യാത്രക്കാരുടെ പട്ടികയാണ്‌  റെയിൽവേ  നൽകിയത്‌. എന്നാൽ‌, 2,500 പേർവരെ എത്തിയെന്ന്‌ ബിഹാറിലെ മുസഫർപുർ ജില്ലാ മജിസ്‌ട്രേറ്റ്‌ ചന്ദ്രശേഖർ സിങ്‌ പറഞ്ഞു. കേരളത്തിലേക്കുള്ള ട്രെയിനുകളുടെ കാര്യത്തിലും റെയിൽവേ ഇതേ സമീപനമാണ്‌ സ്വീകരിക്കുന്നത്‌.  40 ട്രെയിനാണ്‌ ഇതുവരെ വഴിതെറ്റിയത്‌. ഇതിന്‌ യുക്തിസഹമായ വിശദീകരണം നൽകാൻ റെയിൽവേക്ക്‌ കഴിഞ്ഞിട്ടില്ല. 

 അകലമില്ല; വൃത്തിയും

ആയിരക്കണക്കിന്‌ കിലോമീറ്റർ ഓടുന്ന ശ്രമിക്‌ ട്രെയിനുകളിലെ മിക്ക ബോഗികളിലും പരുപരുത്ത ഇരിപ്പിടങ്ങളാണ്‌. സീറ്റ്‌ നമ്പരില്ല. മൂന്നുപേർ ഇരിക്കേണ്ടിടത്ത്‌ അഞ്ചും ആറും യാത്രക്കാർ‌.ടോയ്‌ലറ്റുകൾ വൃത്തിഹീനമാണ്‌‌. സ്‌റ്റേഷനുകളിൽ ഭക്ഷണപ്പൊതികളും വാട്ടർബോട്ടിലും എറിഞ്ഞാണ്‌ കൊടുത്തതെന്ന്‌ ഗാന്ധിനഗറിൽനിന്ന്‌ ഹൈദരാബാദിലേക്ക്‌ വന്ന വിദ്യാർഥി പറഞ്ഞു. രണ്ട്‌ ദിവസത്തിൽ എത്തേണ്ട ട്രെയിനുകൾ അഞ്ചും ആറും ദിവസം കഴിഞ്ഞാണ്‌ ലക്ഷ്യസ്ഥാനത്തെത്തുന്നത്‌.

ശ്രമിക്കിൽ മരിച്ചവർ 9


48 മണിക്കൂറിൽ ഭക്ഷണവും ചികിത്സയും കിട്ടാതെ  ശ്രമിക്‌ ട്രെയിനുകളിൽ മരിച്ചത്‌ ഒമ്പത്‌ പേരാണ്‌.  ട്രെയിനിൽ അടിയന്തര വൈദ്യസഹായവുമില്ലാത്തത്‌ വലിയ ആശങ്കയുണ്ടാക്കുന്നതാണ്‌.

ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

അതിഥിത്തൊഴിലാളികളുടെ ദുരിതങ്ങളിലും ദുഃഖങ്ങളിലും കടുത്ത ആശങ്കയുണ്ടെന്ന്‌ സുപ്രീംകോടതി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സാധ്യമായ എല്ലാ കാര്യവും ചെയ്യുന്നുണ്ടെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും പല ബുദ്ധിമുട്ടും പ്രയാസങ്ങളും തൊഴിലാളികൾ നേരിടുന്നു.

രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ആഴ്‌ചകളും മാസങ്ങളും പിന്നിട്ടിട്ടും പല തൊഴിലാളികൾക്കും ഇപ്പോഴും അവരുടെ സ്വദേശത്ത്‌ എത്താൻ സാധിച്ചിട്ടില്ല. പല സംസ്ഥാനത്തും തൊഴിലാളികൾ ഇപ്പോഴും കാൽനടയായി നാടുകളിലേക്ക്‌‌ പോകുന്നുണ്ട്‌. തൊഴിലാളികളുടെ ദുരിതങ്ങൾ ലഘൂകരിക്കാനായി താൽക്കാലിക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയാണെന്നും ജസ്റ്റിസുമാരായ സഞ്‌ജയ്‌കിഷൻകൗൾ, എം ആർ ഷാ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ പറഞ്ഞു.

മെയ്‌ ഒന്നുമുതൽ 27 വരെ 3700 ശ്രമിക്‌ ട്രെയിനുകളിൽ 50 ലക്ഷം അതിഥിത്തൊഴിലാളികളെ നാടുകളിൽ എത്തിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. റോഡ്‌ മാർഗം 41 ലക്ഷം തൊഴിലാളികളെ സ്വദേശങ്ങളിൽ എത്തിച്ചതായും സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത അവകാശപ്പെട്ടു.

29-May-2020