വിദേശത്ത് നിന്നെത്തുന്ന പ്രവാസികൾക്ക് പൂർണമായും സൗജന്യ ക്വാറന്റൈൻ സൗകര്യമൊരുക്കിയത് കേരളം മാത്രം. കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ വലിയ തുക ഈടാക്കിയാണ് ഹോട്ടലുകളിലും മറ്റും ക്വാറന്റൈൻ ഒരുക്കിയത്. ബംഗാൾ, തെലങ്കാന, ഡൽഹി, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളും പണം ഈടാക്കി. ഗുജറാത്ത്, ഛത്തീസ്‌ഗഢ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാകട്ടെ പ്രവാസികള്‍ക്കായ് സര്‍ക്കാര്‍ ചെലവില്‍ ഒരുക്കിയത് ഹാളുകള്‍. പ്രതിദിനം ആയിരം രൂപ മുതൽ 15000 രൂപ വരെയാണ് ചെലവ്.
വിദ്യാർഥികളടങ്ങിയ പ്രവാസികളെ വന്‍തുക ഈടാക്കിയാണ് കേന്ദ്രം നാട്ടിലെത്തിച്ചത്. 12000 മുതൽ ഒരു ലക്ഷം രൂപ വരെ യാത്രാക്കൂലി നല്‍കേണ്ടിവന്നു. പ്രവാസി ക്വാറന്റൈൻ സ്വന്തം ചെലവിലാകണമെന്നും കേന്ദ്രം ശഠിച്ചു. ഈ ഉറപ്പ് രേഖാമൂലം എഴുതിനൽകുന്നവർക്ക് മാത്രമാണ് എംബസികൾ യാത്രാനുമതി നൽകിയത്. പണമടച്ചുള്ള ക്വാറന്റൈൻ എന്ന കേന്ദ്ര നിര്‍ദേശം ബിജെപി, കോൺഗ്രസ് ഭരണ സംസ്ഥാനങ്ങൾ മാറ്റം കൂടാതെ നടപ്പാക്കി. രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവരെ പ്രാഥമിക പരിശോധനകൾക്ക് ശേഷം ഹോട്ടലുകളിലേക്ക് അയച്ചു. രണ്ടാഴ്‌ചത്തെ മുറിവാടക മുൻകൂറായിനൽകേണ്ടി വന്നു.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ സ്‌റ്റാൻഡേർഡ്, മീഡിയം, ഹൈക്ലാസ് എന്നിങ്ങനെ മൂന്നുതരം ക്വാറന്റൈൻ സംവിധാനം ഒരുക്കി. പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഹൈക്ലാസായി വേർതിരിച്ചത്. രണ്ടായിരം മുതൽ പതിനായിരം രൂപ വരെയാണ് പ്രതിദിന വാടക. ലണ്ടനിൽ നിന്ന് ജയ്‌പുരിലെത്തിയ വിദ്യാർഥികൾക്ക് വിമാനടിക്കറ്റിന് മുടക്കിയ അരലക്ഷത്തിന് പുറമെ ക്വാറന്റൈൻ താമസത്തിനായി അരലക്ഷം കൂടി മുടക്കേണ്ടിവന്നു. പഞ്ചാബില്‍ ആയിരം മുതൽ 7500 രൂപ വരെയാണ് പ്രതിദിനം ഈടാക്കിയത്. ചുരുങ്ങിയത് 14000 രൂപ ഓരോ പ്രവാസിക്കും മുടക്കേണ്ടി വന്നു. ഡൽഹി, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലും പണം മുടക്കേണ്ടി വന്നു. കർണാടകയാവട്ടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെപ്പോലും നിർബന്ധപൂർവം പണമടച്ചുള്ള ഹോട്ടൽ ക്വാറന്റൈനിലാക്കി.