സ്വകാര്യഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവിട്ട് എൻഡിടിവിയാണ്‌ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്‌തത്

കിഴക്കൻ ലഡാക്ക്‌ അതിര്‍ത്തിയിലെ തന്ത്രപ്രധാനമേഖലയായ ഗൽവാൻ നദീതീരത്ത്‌ ചൈന ഒരുമാസം മുമ്പേ നിര്‍മാണപ്രവര്‍ത്തനം തുടങ്ങി. ഇന്ത്യൻസേന പതിവായി പട്രോ ളിങ്‌ നടത്തുന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ ചൈനയുടെ നിർമാണം ഇപ്പോഴും തുടരുന്നു.   സ്വകാര്യഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവിട്ട് എൻഡിടിവിയാണ്‌ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്‌തത്‌.  ലഡാക്കിൽ യഥാർഥ നിയന്ത്രണരേഖ(എൽഎസി) ഔദ്യോഗികമായി നിർണയിച്ചിട്ടില്ലാത്തതിനാൽ ചൈനീസ്‌ സേന എത്രത്തോളം കടന്നിട്ടുണ്ടെന്നതിൽ തർക്കം ഉയരാം.

പട്രോൾ  പോയിന്റ്‌ 14(പിപി 14) എന്ന സ്ഥലത്ത്‌ ഇപ്പോൾ  ഇന്ത്യൻ സേനയ്‌ക്ക്‌  എത്തിച്ചേരാൻ കഴിയാത്തവിധമാണ്‌ ചൈനീസ്‌ സേന തമ്പടിച്ച്‌ നിർമാണം നടത്തുന്നത്. മെയ്‌ 22ന്റെ ഉപഗ്രഹദൃശ്യങ്ങളിൽ നിർമാണപ്രവർത്തനം കാണാനില്ല. എന്നാല്‍ സൈനികസാന്നിധ്യം തിരിച്ചറിയാനാകും. ഇരുപക്ഷവും ഏറ്റുമുട്ടിയ ജൂൺ 15ന്‌ രാത്രിക്കുശേഷം പിറ്റേന്ന്‌ എടുത്ത ചിത്രത്തിലും നിർമാണം വ്യക്തമല്ല. എന്നാൽ ജൂൺ 22ന്റെ ദൃശ്യത്തിൽ പാറക്കെട്ടുകളും ടാർപോളിൻ കൂടാരവും കാണാനായി. അമ്പതോളം സൈനികരുടെ സാന്നിധ്യവും തിരിച്ചറിഞ്ഞു.

ചൈനയുടെ വിന്യാസം കൂടുതൽ ശക്തമായെന്ന്‌  ജൂൺ 25ന്റെ  ദൃശ്യത്തിൽനിന്ന്‌ വ്യക്തം. കൂടാരങ്ങളുടെ എണ്ണം വർധിച്ചു. ഇന്ത്യൻ സേനാതാവളത്തിന്‌ അഭിമുഖമായി നദിയിൽ ഉയർത്തിയ കൽക്കെട്ട്‌ മുങ്ങിയ നിലയിലാണ്‌. എൽഎസിയിൽ ചൈനയുടെ ഭാഗത്തുള്ള സേനാവ്യൂഹത്തിന്‌ അനുബന്ധമായാണ്‌ ഈ നിർമാണം.  26 വരെയും ഗൽവാനിൽ സേനാപിന്മാറ്റം ഉണ്ടായിട്ടില്ലെന്നും ദൃശ്യം വ്യക്തമാക്കി.

ഇതിനിടെ, പാംഗോങ്‌ തടാകതീരത്ത്‌ കഴിഞ്ഞ സെപ്‌തംബർ 11ന്‌ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്ന്‌ അധികൃതർ സ്ഥിരീകരിച്ചു. ഇന്ത്യയുടെ 10 സൈനികർക്ക്‌ പരിക്കേറ്റു. ഫിംഗർ 8 കുന്നിൻചരിവിലേ‌ക്ക്‌ നീങ്ങിയ ഇന്ത്യൻ പട്രോളിങ്‌ സംഘത്തെ ചൈന  തടഞ്ഞതാണ്‌ സംഘർഷത്തിനു കാരണമായത്‌.

തുടർന്ന്‌ വാക്കേറ്റവും കയ്യാങ്കളിയുമായി. 2017ൽ ദോക്ക്‌ലാമിലെ 73 ദിവസം നീണ്ട പ്രതിസന്ധിയുടെ കാലത്തും പാംഗോങ്ങിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. രണ്ടുമാസത്തിനിടെ മൂന്നുതവണ പാംഗോങ്ങിൽ ഏറ്റുമുട്ടലുണ്ടായി. ആർക്കും കാര്യമായ പരിക്കുണ്ടായില്ല.

സേനകൾ മുഖാമുഖം
ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖ (എൽഎസി)യിലെ സംഘർഷബാധിത കേന്ദ്രങ്ങളിൽ ഇന്ത്യ, ചൈന സേനകള്‍ മുഖാമുഖം. ഗൽവാനിലെ ഏറ്റുമുട്ടൽ കഴിഞ്ഞ്‌ രണ്ടാഴ്‌ചയാകുമ്പോൾ സംഘർഷസ്ഥിതിയില്‍‌ അയവില്ല. ലഡാക്ക് മേഖലയില്‍ വ്യോമസേന നിരീക്ഷണത്തിലാണ്. യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പൂര്‍ണസജ്ജമായ് നില്‍ക്കുന്നു. ടാങ്കുകളും കവചിതവാഹനങ്ങളും മോര്‍ട്ടറുകളും അതിര്‍ത്തിക്ക് അടുത്ത് ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ സൈനികരെയും എത്തിച്ചു.  അതിര്‍ത്തിയില്‍ ചൈനയും ജാ​ഗ്രത തുടരുകയാണ്.

കോർ കമാൻഡർമാർ ജൂൺ 22നു രണ്ടാം വട്ടവും കൂടിക്കാഴ്‌ച നടത്തി സേനാ പിന്മാറ്റത്തെക്കുറിച്ച്‌ ചർച്ച ചെയ്‌തെങ്കിലും പിന്മാറ്റം തുടങ്ങിയിട്ടില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലിന്റെ നേതൃത്വത്തിലുള്ള അനൗപചാരിക  ചൈന സ്റ്റഡി ഗ്രൂപ്പ്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

 

 

29-Jun-2020