നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതുസംബന്ധിച്ച് യുഎഇയും അന്വേഷിക്കുന്നുണ്ടെന്നുണ്ടെന്നും എൻഐഎ പറഞ്ഞു
അഡ്മിൻ
രാജ്യത്തെ തകർക്കാനുള്ള തീവ്രവാദപ്രവർത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വർണക്കടത്തെന്ന് പ്രത്യേക കോടതിയിൽ എൻഐഎ റിപ്പോർട്ട് നൽകി. നയതന്ത്രബാഗേജിൽ സ്വർണം കടത്താനുള്ള മുഖ്യ ആസൂത്രണം നടന്നത് യുഎഇയിലാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന കാര്യമായതിനാൽ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്നും എൻഐഎ വ്യക്തമാക്കി. രണ്ടാംപ്രതി സ്വപ്‌ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും കസ്‌റ്റഡിയിൽ വാങ്ങാനായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ജ്വല്ലറികൾക്കുവേണ്ടിയായിരുന്നില്ല സർണക്കടത്ത്. ഇവ തീവ്രവാദ സംഘങ്ങളിലേക്കാണ് പോകുന്നത്.
2019 മുതൽ ഈ സംഘം സ്വർണം കടത്തുന്നുണ്ട്. അടുത്തകാലത്ത് രണ്ടുതവണയായി ഒമ്പതു കിലോയും 18 കിലോയും സ്വർണം നയതന്ത്ര ബാഗേജിൽ കടത്തിയിട്ടുണ്ട്. കോൺസുലേറ്റിന്റെ സീലും എംബ്ലവും വ്യാജമായി ഉണ്ടാക്കിയുഎഇയിൽനിന്ന് സ്വർണം അയക്കാൻ കോൺസുലേറ്റിന്റെ സീലും എംബ്ലവും അവിടെ വ്യാജമായി ഉണ്ടാക്കി. അവ പതിപ്പിച്ച പാഴ്‌സലുകളാണ് പരിശോധനകൾ മറികടന്ന് അയക്കുന്നത്. ഇതിനെല്ലാം നേതൃത്വം നൽകിയത് മൂന്നാംപ്രതി ഫൈസൽ ഫരീദാണ്. യുഎഇ കോൺസുലേറ്റിന്റെ പ്രവർത്തനരീതി അടുത്തറിയാൻമാത്രമാണ് സ്വപ്‌ന ഇവിടെ ജോലി ചെയ്‌തത്. മൂന്നുവർഷത്തോളം കോൺസുലേറ്റ് ജനറൽ ഓഫീസിലെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവർത്തിച്ചു.
മുഴുവൻ സ്വർണക്കടത്ത് കേസുകളും അതിനുപിന്നിൽ പ്രവർത്തിച്ചവരെയും വെളിച്ചത്തുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നേരത്തെ ആഭ്യന്തരമന്ത്രാലയം അന്വേഷിച്ചിരുന്നു. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതുസംബന്ധിച്ച് യുഎഇയും അന്വേഷിക്കുന്നുണ്ടെന്നുണ്ടെന്നും എൻഐഎ പറഞ്ഞു. സ്വർണക്കടത്തിനെ തീവ്രവാദസംഘങ്ങളുമായി ബന്ധിപ്പിക്കുന്നത് എങ്ങനെയാണെന്ന് പ്രത്യേക കോടതി ജഡ്‌ജി പി കൃഷ്‌ണകുമാർ എൻഐഎ അഭിഭാഷകനോട് ആരാഞ്ഞിരുന്നു. തുടർന്നാണ് എൻഐഎ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
അതിനിടെ കേസിൽ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌ത മറ്റൊരു പ്രതി റമീസിനെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു.