പരിക്കേറ്റവരുടെ ചെലവ് സർക്കാർ വഹിക്കും

ഇടുക്കി രാജമലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി 5 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ നിര്‍വഹിക്കും.

മുപ്പത് മുറികളുള്ള 4 ലയങ്ങള്‍ മണ്ണിടിച്ചിലില്‍ പൂര്‍ണമായും ഇല്ലാതായെന്നാണ് ലഭ്യമായ വിവരം. 80 ലേറെ പേര്‍ താമസിച്ചിരുന്നു. 15 പേരെ രക്ഷപ്പെടുത്തി. 15 പേര്‍ മരിച്ചു. മറ്റുള്ളവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.  

രാജമലയിൽ പുലർച്ചെയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വൈദ്യുതി, വാർത്താവിനിമയ ബന്ധം തടസ്സപ്പെട്ടു. അതിനാൽ ദുരന്തം പുറംലോകമറിയാൻ താമസമുണ്ടായി. ഇവിടേക്കുള്ള പാലം ഒലിച്ചു പോയത് രക്ഷാപ്രവർത്തകർക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാക്കി.

സബ് കലക്ടറുടെ നേതൃത്വത്തിൽ പൊലീസ്, അഗ്‌നിശമനസേന സംഘങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രവും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം അതീവ പ്രയാസം നിറഞ്ഞതായിരുന്നു. ദേശീയ ദുരന്ത പ്രതികരണ സേന പെരിയ വനപാലം പിന്നിട്ട് സ്ഥലത്തെത്തുന്നതായാണ് റിപ്പോർട്ട്.

കനത്ത ദുരന്തം മുന്നിൽ കണ്ട് ദേശീയ ദുരന്ത പ്രതികരണസേനയുടെ ഒരു യൂണിറ്റിനെ ഇടുക്കിയിൽ നിയോഗിച്ചിരുന്നു. എന്നാൽ വാഗമണ്ണിൽ ഇന്നലെ ഒരു കാർ ഒലിച്ചുപോയതിനെ തുടർന്ന് എൻഡിആർഎഫ് അവിടെ രക്ഷാപ്രവർത്തനം നടത്തി. രാവിലെയാണ് അവരെ രാജമലയിൽ നിയോഗിച്ചത്. ഇതുകൂടാതെ അഗ്‌നിശമന സേനയുടെ പരിശീലനം ലഭിച്ച അൻപതംഗ ടീമിനെ ഇവിടേക്ക് നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.



07-Aug-2020