എയർഇന്ത്യാ എക്‌സ്‌പ്രസ്‌ വന്ദേ ഭാരതാണ്‌ വെള്ളിയാഴ്‌ച രാത്രി 7.41ന്‌ അപകടത്തിൽപ്പെട്ടത്‌.

ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന വിമാനം കനത്ത മഴയിൽ റൺവേയ്‌ക്ക്‌ പുറത്ത്‌ ഇടിച്ചിറങ്ങി പൈലറ്റും സഹപൈലറ്റുമടക്കം 19 പേർ മരിച്ചു. എയർഇന്ത്യാ എക്‌സ്‌പ്രസ്‌ വന്ദേ ഭാരതാണ്‌ വെള്ളിയാഴ്‌ച രാത്രി 7.41ന്‌ അപകടത്തിൽപ്പെട്ടത്‌.

184 യാത്രക്കാരുമായി 30 അടി ഉയരത്തിൽനിന്ന്‌ വീണ വിമാനം രണ്ടായി പിളർന്ന്‌ സുരക്ഷാവേലി തകർത്ത്‌ റൺവേയുടെ പുറത്തേക്ക്‌ തെറിച്ചു. 122 യാത്രക്കാർക്ക്‌ പരിക്കേറ്റു. ഇതിൽ  15 പേരുടെ നില ഗുരുതരമാണ്‌.  മഹാരാഷ്‌ട്ര സ്വദേശിയായ പൈലറ്റ്‌ ക്യാപ്‌റ്റൻ ദീപക് വസന്ത്‌, സഹ പൈലറ്റ് അഖിലേഷ്‌ അടക്കം 17 പേരാണ്‌ മരിച്ചത്‌‌. ഇറങ്ങുമ്പോൾ റൺവേയിലൂടെ മുന്നിലേക്ക്‌ തെന്നിയ വിമാനം വീണ്ടും പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ്‌ അപകടം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടിവഴിയുള്ള സുരക്ഷാവേലി തകർത്താണ്‌ വീണത്. കോക്പിറ്റുമുതൽ മുൻ വാതിൽവരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്താണ് വിമാനം രണ്ടായി മുറിഞ്ഞത്‌. തീപിടിക്കാത്തതിനാൽ വൻ ദുരന്തമൊഴിവായി. യാത്രക്കാരിൽ പത്തു കുട്ടികള്‍ അടക്കം 46 സ്‌ത്രീകളും 128 പുരുഷന്മാരുമുണ്ടെന്ന്‌ ദുബായ്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ കൗണ്‍സല്‍ നീരജ് അഗർവാള്‍ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 45 മിനിറ്റ്‌ വൈകിയാണ് പറന്നുയര്‍ന്നത്. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞവര്‍ 10ന് മുമ്പ്‌ രാജ്യം വിടണമെന്ന അറിയിപ്പുള്ളതിനാല്‍ രണ്ടു ദിവസമായി കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ നല്ല തിരക്കായിരുന്നു.

അപകടത്തിനു പിന്നാലെ നാട്ടുകാരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സ്ഥലത്തെത്തിയ ആംബുലൻസിൽ പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌, മിംസ്‌ ആശുപത്രി, ബേബി മെമ്മോറിയൽ ആശുപത്രി, കൊണ്ടോട്ടി റിലീഫ്‌ ആശുപത്രി  എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

 



08-Aug-2020