പിഎസ്‌സി നിയമനം നടക്കുന്നില്ലെന്ന വ്യാജ പ്രചാരണത്തിന് പിന്നാലെ ലിസ്റ്റിലുള്ള മുഴുവൻ പേരെയും നിയമിച്ചതും വിവാദമാക്കി ചില മാധ്യമങ്ങൾ
അഡ്മിൻ
പിഎസ്‌സി നിയമനം നടക്കുന്നില്ലെന്ന വ്യാജ പ്രചാരണത്തിന് പിന്നാലെ ലിസ്റ്റിലുള്ള മുഴുവൻ പേരെയും നിയമിച്ചതും വിവാദമാക്കി ചില മാധ്യമങ്ങൾ. ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (എൻസിഎ–- എസ്‌ടി വിഭാഗം) തസ്തികയുടെ അഭിമുഖ പട്ടികയിലുള്ള 40 പേരെയും നിയമിച്ചതാണ് പുതിയ വിവാദം. ഇതിൽ കണ്ടെയ്‌ൻമെന്റ് സോണിലുള്ള മൂന്നുപേർക്ക് ഓൺലൈൻവഴി അഭിമുഖം നടത്തിയതും കൊടുംപാതകമായി ഇവർ അവതരിപ്പിക്കുന്നു.2013ൽ നടത്തിയ വിജ്ഞാപനത്തിൽ ആവശ്യത്തിന് പട്ടികവർഗ വിഭാഗക്കാർ (എസ്‌ടി) ഉണ്ടായിരുന്നില്ല.
കോവിഡിന്റെ അടിയന്തര സാഹചര്യം പരിഗണിച്ച് ഇങ്ങനെയുള്ള 89 ഒഴിവ് നികത്താൻ സർക്കാർ പിഎസ്‌സിയോട് ആവശ്യപ്പെട്ടു. പരീക്ഷയില്ലാതെ അഭിമുഖംമാത്രം നടത്തി നിയമിക്കാനായിരുന്നു പിഎസ്‌സി തീരുമാനം.അപേക്ഷിച്ച 57 പേരിൽ 37പേർ അഭിമുഖത്തിൽ ഹാജരാകുകയും ചെയ്‌തു. കണ്ടെയ്‌ൻമെന്റ് സോണിലുള്ള മൂന്നുപേർക്ക് ഓൺലൈനായും അഭിമുഖം നടത്തി. 40പേരെയും ഉൾപ്പെടുത്തി റാങ്ക് പട്ടിക ജൂലൈ 28ന് പ്രസിദ്ധീകരിച്ചു. അവശേഷിക്കുന്ന ഒഴിവുകളിൽ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും.പിഎസ്‌സിയിൽ ഓൺലൈൻ അഭിമുഖം നടത്തുന്നതിന് നിയമതടസ്സങ്ങളില്ല.പരാതി നിലനിൽക്കെയാണ് മുഴുവൻപേരെയും ഉൾപ്പെടുത്തി പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
ഞാൻ ക്വാറന്റൈനിലായിരുന്നു "കോവിഡ് സമയത്ത് തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു. ഡിഎംഒയുടെ നിർദേശപ്രകാരം കോവിഡ് ഡ്യൂട്ടിക്കായി കാസർകോടേക്ക് പോയി. തിരികെയെത്തി ക്വാറന്റൈനിലായി. അതിനിടയിലാണ് അഭിമുഖത്തിന് എത്തണമെന്ന അറിയിപ്പ് കിട്ടിയത്. തുടർന്നാണ് പിഎസ്‌സിയെ വിവരമറിയിച്ച് ഓൺലൈനിൽ അഭിമുഖത്തിന് പങ്കെടുത്തത്'. മൂന്നാം റാങ്കുകാരി തൃശൂർ സ്വദേശിയുമായ ഡോ. സി എ എലിസബത്ത് ലൗലി പറയുന്നു.