രക്ഷാപ്രവർത്തനങ്ങൾ രാവിലെ എട്ട് മണിയോടെ പുനരാരംഭിച്ചിരുന്നു.

മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നു.  സ്ഥലത്ത് കനത്ത മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി എന്നിവർ സംഭവസ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നുണ്ട്. 78 പേരാണ് ദുരന്തത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്. 12 പേരെ ഇതിനകം രക്ഷപ്പെടുത്താനായി. 23 പേരുടെ മരണം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

 മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ രാജമലയിൽ സംസ്‌കരിച്ചു. അഞ്ച് ടേബിളുകളിൽ രണ്ട് ടീമായി തിരിഞ്ഞാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് പോസ്റ്റ്‌മോർട്ടം നടപടികൾ. സ്ഥലത്ത് ഹിറ്റാച്ചി ഉപയോഗിച്ചുള്ള തെരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. കനത്തമഴ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. സമീപത്തെ പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിപോകാനുള്ള സാധ്യതയുള്ളതിനാൽ മാങ്കുളം ഭാഗത്തും തെരച്ചിൽ നടത്തുന്നുണ്ട്. ബ്രേക്കർ ഉപയോഗിച്ച് പാറപൊട്ടിച്ചും പരിശോധനകൾ നടക്കുന്നുണ്ട്.

രക്ഷാപ്രവർത്തനങ്ങൾ രാവിലെ എട്ട് മണിയോടെ പുനരാരംഭിച്ചിരുന്നു. 57 പേരടങ്ങുന്ന 2 എൻഡിആർഎഫ് ടീമും, ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, ഫയർ & റെസ്‌ക്യൂ വിഭാഗത്തിൽ നിന്നും പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും ഇന്നലെ തന്നെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇത് കൂടാതെ പ്രത്യേക പരിശീലനം നേടിയ 27 ഫയർ &റെസ്‌ക്യൂ ടീമിനെ ഇന്ന് അയച്ചിട്ടുണ്ട്. പൊലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

08-Aug-2020