കരിപ്പൂരിൽ നാട്ടുകാരുടെ ഇടപെടൽ പ്രശംസനീയം

ദുരന്തമുണ്ടായ ഉടൻ വിമാനത്താവള അധികൃതരും സർക്കാർ സംവിധാനങ്ങളും ഉണർന്ന്‌ പ്രവർത്തിച്ചതായി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ഹർദീപ്‌ സിങ് പുരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്‌ ദുരന്തത്തിന്റെ വ്യാപ്‌തി കുറച്ചു. നാട്ടുകാരുടെ ഇടപെടൽ പ്രശംസനീയമാണ്‌. ദുരന്തത്തെപ്പറ്റി ഊഹാപോഹങ്ങൾക്ക്‌ പ്രസക്തിയില്ല. അന്വേഷണം ശാസ്‌ത്രീയമായ രീതിയിൽ നടക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും എയർ ഇന്ത്യ പ്രഖ്യാപിച്ചത്‌ പ്രാഥമിക ധനസഹായമാണ്‌. ഇൻഷുറൻസ്‌ ഉൾപ്പെടെ മറ്റ്‌ സഹായങ്ങൾ വേഗം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂരിൽ നാട്ടുകാരുടെ ഇടപെടൽ പ്രശംസനീയം

കരിപ്പൂരിൽ വിമാനാപകടം സംഭവിച്ചപ്പോൾത്തന്നെ സമീപത്തെ പൊതുജനങ്ങളും പൊതുപ്രവർത്തകരും സ്തുത്യർഹമായ ഇടപെടലാണ് നടത്തിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രക്ഷാപ്രവർത്തനം അത്ഭുതകരമായ വേഗത്തിലാണ് പൂർത്തിയാക്കിയത്. ഇതിൽ ഏർപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നു. അപകടം നടന്ന ഉടൻ നാട്ടുകാരുടെയും ഫയർഫോഴ്സ്, പൊലീസ്, റവന്യൂ, സിഐഎസ്എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയർ വളന്റിയർമാരുടെയും സഹായത്തോടെ അപടകത്തിൽപ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.

മന്ത്രി എ സി മൊയ്തീൻ, മലപ്പുറം–- കോഴിക്കോട് കലക്ടർമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് ഫലപ്രദമായ നേതൃത്വം നൽകി. അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ആംബുലൻസുകളും ടാക്സി–- സ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി. സിവിൽ ഏവിയേഷൻ മന്ത്രാലയവും മറ്റ് കേന്ദ്ര സർക്കാർ ഏജൻസികളും വിമാനയാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



09-Aug-2020