തിരുവനന്തപുരത്തെ വൈദ്യുതിഭവനിലും കോട്ടയം പള്ളത്തുള്ള ഡാം സേഫ്‌റ്റി ഓഫീസിലുമാണ്‌ കൺട്രോൾ റൂമുകൾ

കെഎസ്‌ഇബി ഡാമുകളിലെ ജലവിതാനം  നിരീക്ഷിക്കാൻ ഡാം സുരക്ഷാ എൻജിനിയർമാരുടെ കൺട്രോൾ റൂം തുറന്നു. തിരുവനന്തപുരത്തെ വൈദ്യുതിഭവനിലും കോട്ടയം പള്ളത്തുള്ള ഡാം സേഫ്‌റ്റി ഓഫീസിലുമാണ്‌ കൺട്രോൾ റൂമുകൾ. 24 മണിക്കൂറും പ്രവർത്തിക്കും. ഡാമുകളിൽ സാറ്റലൈറ്റ്‌ ഫോണുകൾ ഉൾപ്പെടെയുള്ള സമാന്തര വാർത്താ വിനിമയ സംവിധാനവും ഒരുക്കി. അണക്കെട്ടുകളിലെ ജലസംഭരണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കെഎസ്‌ഇബി അറിയിച്ചു. 18 അണക്കെട്ടുകളിലുമായി 1898.6 എംസിഎം ജലമേ നിലവിൽ ഒഴുകി എത്തിയിട്ടുള്ളൂ. ആകെ സംഭരണ ശേഷി 3532.5 എംസിഎമ്മാണ്‌.

ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ സംഭരണ ശേഷിയുടെ 54.12 ശതമാനമാണ്‌ നിലവിലുള്ള വെള്ളത്തിന്റെ അളവ്‌. ഇടമലയാറിൽ 47.87, കക്കി–-52.87, ബാണാസുരസാഗർ–-65.98, ഷോളയാറിൽ 64.17 ശതമാനം ജലമേ നിലവിലുള്ളൂ. കെഎസ്‌ഇബിയുടെ ആകെ സംഭരണ ശേഷിയുടെ 88 ശതമാനവും ഈ ഡാമുകളിലാണ്‌.  ചെറിയ ഡാമുകളായ പൊരിങ്ങൽകുത്ത്‌, പൊന്മുടി, കക്കയം, തീരെ ചെറിയ ഡാമുകളായ കല്ലാർകുട്ടി, ലോവർ പെരിയാർ, കല്ലാർ, ഇരട്ടയാർ എന്നിവയിൽനിന്നും ജലം പുറത്തേക്ക്‌ ഒഴുക്കി വിടുന്നുണ്ട്‌. ഡാമിലെ ജലവിതാന വിവരങ്ങൾ കെഎസ്‌ഇബി വെബ്‌സൈറ്റിൽ ഉൾപ്പെടെയുണ്ട്‌. ദുരന്തനിവാരണ അതോറിറ്റി, കലക്ടർ  വഴിയും അപായ സൂചന യഥാസമയം ലഭ്യമാക്കുന്നു‌. വെള്ളം ഉയരുമ്പോൾ പച്ച, ചെറിയ തോതിലുള്ള അപായ സൂചനയ്‌ക്ക്‌ ഓറഞ്ച്‌, തുറക്കുന്നതിന്‌ മുമ്പ്‌ റെഡ്‌ അലർടും പുറപ്പെടുവിക്കും.
 



09-Aug-2020