ഫൈസൽ യുഎഇ പൊലീസിന്റെ പിടിയിലാണെന്നാണ്‌ വിവരം

നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിനായി എൻഐഎ സംഘം യുഎഇയിലേക്ക്.  എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ യുഎഇയിലേക്ക്‌ പോകുക. സ്വർണക്കടത്തിന്‌ യുഎഇയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്‌ ഫൈസലാണെന്നാണ്‌ മറ്റു പ്രതികളിൽനിന്ന്‌ ലഭിച്ച വിവരം. കഴിഞ്ഞമാസം 16ന്‌ ‌എൻഐഎ കോടതിയിൽനിന്ന്‌  ഫൈസലിന്‌ ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചു.  യുഎഇയിലേക്ക്‌ പോയി ഫൈസലിനെ കൊണ്ടുവരാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയെങ്കിലും തീരുമാനം നീണ്ടു.

ഫൈസൽ യുഎഇ പൊലീസിന്റെ പിടിയിലാണെന്നാണ്‌  വിവരം. അതേത്തുടർന്നാണ്‌ എൻഐഎ സംഘത്തിന്‌ അവിടെ പോയി ചോദ്യംചെയ്യാൻ അനുമതി നൽകിയത്‌. കഴിഞ്ഞ 16ന്‌ വിദേശകാര്യമന്ത്രാലയം ഫൈസലിന്റെ പാസ്‌പോർട്ട്‌ റദ്ദാക്കി. ഫൈസലിനൊപ്പം സ്വർണക്കടത്തിൽ നിർണായക പങ്കുണ്ടെന്ന്‌ സംശയിക്കുന്ന റബിൻസ്‌ എന്ന കൂട്ടാളിയെയും എൻഐഎ തെരയുന്നുണ്ട്‌. സ്വർണം വാങ്ങാൻ യുഎഇയിലെ ഹവാല ഇടപാടുകാരിൽനിന്ന്‌ പണം സമാഹരിച്ചതും സ്വർണം വാങ്ങി നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച്‌ അയച്ചിരുന്നതും ഫൈസലാണ്‌. ബാഗേജിൽ പതിക്കാനുള്ള യുഎഇ കോൺസുലേറ്റിന്റെ മുദ്രയും മറ്റും ഇയാൾ വ്യാജമായി നിർമിച്ചു. കഴിഞ്ഞ എട്ടുമാസത്തിനിടെ 20 തവണയായി 100 കോടി രൂപയുടെ 200 കിലോ സ്വർണം കടത്തിയതായി കണ്ടെത്തി‌. യുഎഇ കോൺസുലേറ്റ്‌ ജനറലിനും കേസന്വേഷണത്തിനിടെ രാജ്യംവിട്ട അറ്റാഷെയ്ക്കും സ്വർണക്കടത്തുമായി ബന്ധമുള്ള വിവരം പ്രതികളുടെ മൊഴിയിലുണ്ട്‌. എന്നാൽ, അവരെ ചോദ്യംചെയ്യാൻ ഇതുവരെ എൻഐഎ അനുമതി തേടിയിട്ടില്ല.



09-Aug-2020