സർക്കാർ ധനസഹായം സംബന്ധിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്
അഡ്മിൻ
തമിഴ് ‐ കേരള വിവേചനത്തിന് ഇടയാക്കുന്ന ഉത്തരവാദിത്വരഹിതമായ പ്രസ്‌താവനയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പെട്ടിമുടി ദുരന്തമേഖല സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
സർക്കാർ ധനസഹായം സംബന്ധിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ദുരന്തത്തിൽ പോലും അവർ രാഷ്ട്രീയം കളിക്കുകയാണ്. ദുരന്തത്തിൽ അകപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ എല്ലാ പരിരക്ഷയും ഒരുക്കും. അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട. കരിപ്പൂരിലെയും പെട്ടി മുടിയിലെയും ദുരന്തങ്ങൾ രണ്ടു വിധത്തിലുള്ളതാണ്. കരിപ്പൂരിൽ പുനരധിവാസം ബാധകമല്ല.
പെട്ടിമുടിയിൽ അതല്ല സ്ഥിതി. അവർക്ക് പുനരധിവാസമടക്കം ഒരുക്കേണ്ടതുണ്ട്. ഇതെല്ലാം മറച്ചു വെച്ചാണ് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നത്. അവരുടെ ഇത്തരം സമീപനം എല്ലാവരെയും പരിരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും എ വിജയരാഘവൻ വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസും അദ്ദേഹത്തോടൊപ്പം പെട്ടിമുടി സന്ദർശിച്ചു.