എന്നാൽ അത് ജനാധിപത്യത്തിന്റെ അഞ്ചാം പത്തിയാവാൻ പാടില്ലെന്നും ശശികുമാർ അഭിപ്രായപ്പെട്ടു.
അഡ്മിൻ
കേരളത്തിലെ മാധ്യമങ്ങളുടെ പ്രവണത കാണുമ്പോൾ അപ്രഖ്യാപിത വിമോചന സമരത്തിനുള്ള ഒരുക്കമാണോയെന്ന് സംശയിക്കുന്നതായി മുതിർന്ന മാധ്യമപ്രവർത്തകും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശശികുമാർ. റേറ്റിംഗിനുവേണ്ടി എന്തും വിളിച്ച് പറയുന്ന, ആരെയും വ്യക്തിഹത്യ ചെയ്യുന്ന രീതി തുടർന്നാൽ മാധ്യമങ്ങൾ എന്നത് ഒരു ചരിത്രമായി മാറും. ജനങ്ങൾക്ക് മാധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. എന്നാൽ അത് ജനാധിപത്യത്തിന്റെ അഞ്ചാം പത്തിയാവാൻ പാടില്ലെന്നും ശശികുമാർ അഭിപ്രായപ്പെട്ടു. കൈരളി ന്യൂസിൻറെ ന്യൂസ് ആൻഡ് വ്യൂസിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മാധ്യമപ്രവർത്തനത്തിന് അതിരുകൾ ആരും കൽപിക്കാൻ പാടില്ല. ബാഹ്യമായ നിയന്ത്രണം ഒരിക്കലും മാധ്യമപ്രവർത്തനത്തിൽ ഉണ്ടാകരുത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്വബോധം ഉൾക്കൊണ്ട് വേണം മാധ്യമങ്ങൾ പ്രവർത്തിക്കിക്കേണ്ടത്.
മാധ്യമപ്രവർത്തനത്തിന്റെ വിശ്വസനീയത പൊതുവെ തകരുന്നുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ജനാധിപത്യരീതിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു എന്നത് വരുംകാലത്ത് അത്ഭുതപ്രവർത്തനമായി മാറും. പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നേയില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്താസമ്മേളനങ്ങൾ അവസാനിപ്പിച്ചു. രാജ്യമൊട്ടാകെ നടക്കുന്ന പ്രധാന പല സംഭവങ്ങൾക്കും മുൻഗണന കൊടുക്കാതെ കേരളത്തിലെ ചില കാര്യങ്ങൾ വലിയ സംഭവമാക്കി ചർച്ച ചെയ്യുകയാണ് ഇവിടുത്തെ മാധ്യമങ്ങൾ.
ഇന്ത്യയിൽ മാധ്യമങ്ങൾക്ക് പലതും തുറന്ന് പറയാനാകാത്ത അവസ്ഥയുണ്ട്. പല കാര്യങ്ങളും ചർച്ച ചെയ്താലുള്ള ഭവിഷ്യത്ത് ഓർത്ത് ആ വഴിക്ക് മാധ്യമങ്ങൾ പോകുന്നേയില്ല. ചർച്ച ചെയ്താൽ ദേശദ്രോഹിയായി മാറുകയാണ്. മാത്രമല്ല പല മാധ്യമസ്ഥാപനങ്ങളുടെയും സ്ഥാമ്പത്തിക സ്ഥിതിയും മോശമായതിനാൽ ഈ പ്രശ്‌നങ്ങളിലേക്കൊന്നും കടക്കാതെ അവർ 'സെയ്ഫായി' ഇരിക്കുകയാണെന്നും ശശികുമാർ പറഞ്ഞു.