പ്രതിദിന കേസുകളിൽ ഇന്ത്യ ബുധനാഴ്‌ചയും യുഎസിനേക്കാളും ബ്രസീലിനേക്കാളും മുന്നിലാണ്


രാജ്യത്ത്‌ ആകെ കോവിഡ്‌ രോഗികൾ കാൽ കോടിയിലേക്കും മരണം അരലക്ഷത്തിലേക്കും അതിവേഗം നീങ്ങുന്നു. ഒരുദിവസത്തെ ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണം‌ ബുധനാഴ്‌ച രേഖപ്പെടുത്തി. 24 മണിക്കൂറിൽ 66,999 പുതിയ രോഗികൾ. പ്രതിദിന കോവിഡ്‌ കേസുകളിൽ ഇന്ത്യയാണ്‌ ഇപ്പോഴും മുന്നിൽ‌. ആകെ രോഗികൾ 24,50,000 കവിഞ്ഞു.

രോഗികളുടെ എണ്ണവും മരണവും കൂടുതൽ ഗുരുതരമാകുകയാണ്‌‌. ഈ മാസത്തെ ആദ്യ 12 ദിവസത്തിൽ ഏഴുലക്ഷം പുതിയ രോഗബാധ സ്ഥിരീകരിച്ചു. 10,584 പേർ മരിച്ചു. ജൂലൈയിൽ ആകെ സ്ഥിരീകരിച്ചത്‌ 11.11 ലക്ഷം രോഗബാധിതരായിരുന്നു. 19,145 മരണവും.

രാജ്യത്ത്‌ നിലവിൽ 6.57 ലക്ഷം പേർ കോവിഡ്‌ ചികിൽസയിലുണ്ട്‌. 16.96 ലക്ഷം പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക്‌ 70.77 ശതമാനത്തിലെത്തി. മരണനിരക്ക്‌ 1.96 ശതമാനമാണ്‌. കേരളത്തിൽ 0.3 ശതമാനമാണ്‌ മരണനിരക്ക്‌. ബുധനാഴ്‌ച 8.3 ലക്ഷം പരിശോധന നടന്നു. ആകെ പരിശോധനകൾ 2.68 കോടിയിലേറെയായി. ദശലക്ഷം പേരിൽ 19355 എന്ന തോതിലാണ്‌ രാജ്യത്തെ പരിശോധനാ നിരക്ക്‌. കേരളത്തിൽ പരിശോധനാനിരക്ക്‌ ദശലക്ഷം പേരിൽ 30,182 എന്ന തോതിലാണ്‌.

പ്രതിദിന കേസുകളിൽ ഇന്ത്യ ബുധനാഴ്‌ചയും യുഎസിനേക്കാളും ബ്രസീലിനേക്കാളും മുന്നിലാണ്‌. യുഎസിൽ 54345 കേസും ബ്രസീലിൽ 58081 കേസുമാണ്‌ ബുധനാഴ്‌ച സ്ഥിരീകരിച്ചത്‌. കഴിഞ്ഞ ഒരാഴ്‌ചയായി ലോകത്ത്‌ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ്‌ കേസുകൾ ഇന്ത്യയിലാണ്‌.

 

14-Aug-2020