കുടുംബസ്വത്ത് കൈക്കലാക്കാന്‍ അനുജത്തിയെ യുവാവ് വിഷം ചേര്‍ത്ത ഐസ്ക്രീം നല്കി കൊല്ലുകയായിരുന്നു
അഡ്മിൻ
ആന്‍ മരിയ കൊലക്കേസ് പ്രതി ആല്ബിന് ബെന്നിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈദ്യ പരിശോധനക്കും, കൊവിഡ് പരിശോധനക്കും ശേഷം ആല്‍ബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ വൈകിട്ടാണ് ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആല്‍ബിനെ മെഡിക്കല്‍ ടെസ്റ്റ് നടത്തിയ ശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.ഇതിനുശേഷം കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകും. അന്വേഷണം പൂര്‍ത്തിയായിട്ടില്ല, നടപടി ക്രമങ്ങള്‍ തുടരുകയാണ്. പ്രതി കുറ്റം സമ്മതിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് വ്യക്തമാക്കി
കുടുംബസ്വത്ത് കൈക്കലാക്കാന്‍ അനുജത്തിയെ യുവാവ് വിഷം ചേര്‍ത്ത ഐസ്ക്രീം നല്കി കൊല്ലുകയായിരുന്നു. മാതാപിതാക്കളെ കൊല്ലാനും ശ്രമിച്ചു. ബളാല്‍ അരിങ്കല്ലിലാണ് കൊലപാതകം നടന്നത്.
ആഗസ്ത് അഞ്ചിനാണ് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആന്മരിയ മരിച്ചത്. ഐസ്ക്രീം കഴിച്ച അച്ഛന് ബെന്നിയും അമ്മ ബെസിയും ചികിത്സയിലായി. ബെന്നിയുടെ നില ഗുരുതരമാണ്. മുമ്പ് കോഴിക്കറിയില്‍ വിഷമിട്ട് വീട്ടുകാരെ കൊല്ലാനും യുവാവ് ശ്രമിച്ചിരുന്നു.
എല്ലാവരെയും കൊന്ന് ആഡംബരജീവിതം നയിക്കാനാണ് ഐസ്ക്രീമില് വിഷംകലര്ത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ജൂലൈ 30 ന് വീട്ടില്‍ ഐസ്ക്രീം ഉണ്ടാക്കി ഫ്രിഡ്ജില്വച്ചു. പിറ്റേദിവസം ആല്ബിന് ഒഴികെയുള്ളവര്‍ ഐസ്ക്രീംകഴിച്ചു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ആന്‍ മേരിക്ക് മഞ്ഞപ്പിത്തമെന്നു കരുതി പുളിങ്ങോത്ത് നാടന്‍ചികിത്സ നടത്തി. ചികിത്സക്കിടെയായിരുന്നു മരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എലിവിഷം അകത്തു ചെന്നാണ് മരണമെന്ന് വ്യക്തമായി. തുടര്‍ന്നാണ് കൊലപാതകം തെളിഞ്ഞത്.
ഗുരുതരാവസ്ഥയിലായ ബെന്നിയെ ആദ്യം പയ്യന്നൂരും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ്.ആല്‍ബിന്റെ ഇളയ സഹോദരന് ബിപിന്‍ താമരശേരി സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയാണ്.