ജോ ബൈഡൻ തന്റെ മത്സരപങ്കാളിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചതിനുശേഷം ഇരുവരും ഒന്നിച്ച് ആദ്യമായി പ്രത്യക്ഷപ്പെട്ട പൊതുവേദിയിൽ പ്രസിഡന്റ് ട്രംപിന്റെ പിഴവുകൾ എണ്ണിപ്പറഞ്ഞ് കമല. അമേരിക്കയിൽ കോവിഡ് മരണം 1.65 ലക്ഷം കടന്ന് പിന്നെയും പെരുകുന്നത് ട്രംപിന്റെ വീഴ്‌ചകളിൽ ഒന്നുമാത്രം. ആറ് വർഷംമുമ്പ് എബോള വൈറസ് ലോകത്ത് പടർന്ന് പിടിച്ചപ്പോൾ ഒബാമ–-ബൈഡൻ സർക്കാർ അത് വിജയകരമായി നേരിട്ടു. അതാണ് നേതൃത്വം. രണ്ട് അമേരിക്കക്കാർമാത്രമാണ് അന്ന് മരിച്ചത്–- കമല ഓർമിപ്പിച്ചു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥിയാകുന്ന ബൈഡൻ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ഇന്ത്യൻ വംശജ കമല ഹാരിസുമൊത്ത് ഡെലവേറിലെ വിൽമിങ്‌ടണിൽ മാധ്യമപ്രവർത്തകർക്കു മുന്നിലാണ് പ്രത്യക്ഷപ്പെട്ടത്. ഊർജസ്വലയും കർക്കശക്കാരിയുമായ കമല അമേരിക്കയുടെ നട്ടെല്ലായ മധ്യവർഗത്തിനും മധ്യവർഗത്തിലേക്കുയരാൻ ആഗ്രഹിക്കുന്നവർക്കുംവേണ്ടി നിലകൊള്ളുന്നയാളാണെന്ന് പോരാട്ടങ്ങളിലൂടെ തെളിയിച്ചതാണെന്ന് ബൈഡൻ പറഞ്ഞു.
ട്രംപ് സർക്കാരിന്റെ പിഴവുകളുടെ നീണ്ട പട്ടികതന്നെ അവതരിപ്പിച്ച കമല ട്രംപ് ഈ പണിക്ക് പറ്റിയ ആളല്ലെന്ന് തുറന്നടിച്ചു. രാജ്യം തകർന്നു. ലോകത്ത് അമേരിക്കയുടെ സൽപ്പേര് നഷ്ടപ്പെട്ടു. അതിനാൽ ട്രംപിനെ തോൽപ്പിക്കൽ മാത്രമല്ല ലക്ഷ്യം, ട്രംപ് തകർത്ത അമേരിക്കയെ പുനർനിർമിക്കൽ കൂടിയാണ്. ദശലക്ഷക്കണക്കിനു തൊഴിലുകൾ സൃഷ്ടിക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുമെന്നും സാധാരണക്കാർക്ക് താങ്ങാവുന്ന ചികിത്സ ഉറപ്പാക്കാൻ നിയമം കൊണ്ടുവരുമെന്നും കമല പറഞ്ഞു.
പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ചടഞ്ഞിരുന്ന് പരാതി പറയുകയല്ല വേണ്ടത്, കുഴപ്പം പരിഹരിക്കാൻ എന്തെങ്കിലും ചെയ്യുകയാണ് വേണ്ടതെന്ന് തന്നെ പഠിപ്പിച്ചത് അമ്മ ശ്യാമള ഗോപാലനാണെന്ന് കമല പറഞ്ഞു. തന്റെ ജീവിതത്തിൽ അമ്മയ്‌ക്ക് വലിയ പങ്കുണ്ട്. തന്റെ അച്ഛനും അമ്മയും ലോകത്തിന്റെ വിപരീതഭാഗങ്ങളിൽനിന്ന് വിദ്യാഭ്യാസത്തിന് അമേരിക്കയിൽ വന്നവരാണ്. കറുത്തവരുടെ അവകാശങ്ങൾക്കുവേണ്ടി 1960കളിലുണ്ടായ പൗരാവകാശ പ്രക്ഷോഭമാണ് അവരെ ഒരുമിപ്പിച്ചത്. തന്നെയും അനിയത്തി മായയെയും അച്ഛനമ്മമാർ പൗരാവകാശ സമരങ്ങൾക്ക് കൊണ്ടുപോയിരുന്നതും കമല ഓർമിച്ചു.
ലയെ പ്രഖ്യാപിച്ചപ്പോൾ ബൈഡന് റെക്കോഡ് സംഭാവന കമല ഹാരിസിനെ തന്റെ മത്സരപങ്കാളിയായി പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ ജോ ബൈഡന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംഭാവനയായി ലഭിച്ചത് 2.6 കോടി ഡോളർ (195 കോടിയിലധികം). തലേദിവസത്തെ സംഭാവനത്തുകയേക്കാൾ ഇരട്ടിയാണിത്. കറുത്ത വംശജയായ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അവതരിപ്പിച്ചതിന് വൻ പിന്തുണയാണ് സമൂഹത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ലഭിക്കുന്നത്.
വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു ഇതിനോട് ബൈഡന്റെ പ്രതികരണം. നേരത്തേ ഒരുക്കം തുടങ്ങിയ ഡോണൾഡ് ട്രംപ് സമാഹരിച്ച 30 കോടി ഡോളറിനെ മറികടന്നേക്കും ഡെമോക്രാറ്റിക് തെരഞ്ഞെടുപ്പ് ഫണ്ട് എന്നാണ് റിപ്പോർട്ട്. മാതാപിതാക്കളുടെ രാഷ്‌ട്രീയ ഇടപെടലുകളാണ് തന്റെ പ്രചോദനമെന്ന് കമല ഡെലവെയറിൽ നടന്ന ധനസമാഹരണത്തിൽ പറഞ്ഞു. കമലയുടെ സ്ഥാനാർഥിത്വം ഡെമോക്രാറ്റിക് പാർടിക്ക് കൂടുതൽ സംഭാവനകൾ നേടിയെടുക്കാൻ സാധിക്കുമെന്നാണ് വിദഗ്‌ധർ കരുതുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർടി കമലയെ പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിലാണ് അമേരിക്കയിലെ ദക്ഷിണേന്ത്യൻ സമൂഹം. അസോസേിയേഷൻ ഓഫ് മുസ്ലിംസ് ഓഫ് അമേരിക്കയും (എഐഎം) സിഖ് സമൂഹവും കമലയെ അഭിനന്ദിച്ച് പ്രസ്‌താവന ഇറക്കി.