ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്

മസ്‌തിഷ്‌കത്തിലെ ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിലയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ. അദ്ദേഹം വെന്റേലേറ്ററിൽ തുടരുകയാണ്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സംഘം സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും ഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

തലച്ചോറിലെ സങ്കീർണ്ണ ശസ്ത്രക്രിയക്ക് പുറമെ കോവിഡ് കൂടി ബാധിച്ചതോടെയാണ് പ്രണബിൻറെ നില ഗുരുതരമായത്. കുളിമുറിയിൽ വീണതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചെങ്കിലും ശസ്ത്രക്രിയ നടത്തുകയായിരുന്നു.

15-Aug-2020