ഒരു വർഷംമുമ്പ് മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് പുത്തുമലയിലുമുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറുംമുമ്പാണ് പെട്ടിമുടിയെ കണ്ണീരിലാഴ്‌ത്തിയ ദുരന്തം
അഡ്മിൻ
രാത്രിയിൽ മലവെള്ളത്തോടൊപ്പം ആർത്തലച്ചെത്തിയ മണ്ണിനും പാറക്കല്ലുകൾക്കും ഇടയിൽപ്പെട്ട് രാജമല പെട്ടിമുടിയിൽ 56 ജീവനുകൾ പൊലിഞ്ഞിട്ട് ഒരാഴ്‌ച. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടതിന്റെ വിങ്ങലുകൾക്കിടയിലും ദുരന്തത്തിൽ അകപ്പെട്ട 14 പേർക്കായുള്ള തെരച്ചിലിലാണ് രക്ഷാപ്രവർത്തകർ. പ്രദേശത്ത് ആശ്വാസം ഉറപ്പാക്കുന്നതോടൊപ്പം മറ്റു പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് ജില്ലയുടെ ചുമതലയുള്ള വൈദ്യുതി മന്ത്രി എം എം മണി ഉദ്യോഗസ്ഥർക്ക് കൃത്യസമയങ്ങളിൽ നിർദേശം നൽകുന്നുണ്ട്. സംസ്ഥാനത്തെ കണ്ണീരിലാഴ്‌ത്തിയ പ്രകൃതിദുരന്തത്തിൽനിന്ന് കുറെയെങ്കിലും ജീവനുകൾ രക്ഷിക്കാനായത് പകച്ചുനിൽക്കാതെ നാട്ടുകാരും രക്ഷാപ്രവർത്തകരും നടത്തിയ ഇടപെടലുകളാണ്. ആദ്യദിനംതന്നെ ദുരന്തസ്ഥലത്ത് എത്തിയ മന്ത്രി എം എം മണി വകുപ്പ് മേധാവികളും ജനപ്രതിനിധികളുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് ചടുലവേഗമേകി.
ഒരു വർഷംമുമ്പ് മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് പുത്തുമലയിലുമുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറുംമുമ്പാണ് പെട്ടിമുടിയെ കണ്ണീരിലാഴ്‌ത്തിയ ദുരന്തം. സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിച്ചതോടെയാണ് പ്രകൃതി ഉഴുതുമറിച്ചിട്ട പെട്ടിമുടിയിലേക്കുള്ള വഴികൾ നേരെയാക്കി എത്രയുംവേഗം ദുരന്തനിവാരണസേന ലക്ഷ്യസ്ഥാനത്ത് എത്തിയത്. പിന്നെയെല്ലാം ഗതിവേഗത്തിലായി. മനുഷ്യസാധ്യമായതിലും അപ്പുറമായിരുന്ന രക്ഷാപ്രവർത്തനത്തിന് പരിചയസമ്പന്നരായ ദുരന്തനിവാരണസേനയുടെ കരങ്ങളിലൂടെ ജീവൻവച്ചു.
ഏറെ പ്രതികൂലാവസ്ഥയിലും 56 മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് കണ്ടെടുക്കാനായെന്നതാണ് ആശ്വാസം. മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ പ്രദേശത്ത് യോഗം ചേർന്ന് ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി വിലയിരുത്തി. തമിഴ്‌നാട്ടിൽനിന്ന് എത്തി തോട്ടങ്ങളിൽ കമ്പനി നൽകുന്ന ലയങ്ങളിൽ താമസിച്ച് പരമ്പരാഗതമായി തൊഴിൽചെയ്‌ത് ജീവിക്കുന്ന പാവപ്പെട്ട തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സർക്കാർ കൈവിടില്ലെന്ന് മന്ത്രി ഉറപ്പുനൽകി. തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് മന്ത്രിമാരായ എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ, ഇ ചന്ദ്രശേഖരൻ, കെ രാജു എന്നിവരും എത്തി. ഗവർണറോടൊപ്പമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനങ്ങളെ ലയങ്ങളിലുള്ളവർ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. പ്രദേശത്തെ എംഎൽഎ എന്ന നിലയിൽ സ്ഥലത്ത് ക്യാമ്പ് ചെയ്‌താണ് ഇനിയുള്ളവരെ കണ്ടെത്താനുള്ള തെരച്ചിലിന് എസ് രാജേന്ദ്രൻ നേതൃത്വം നൽകുന്നത്. സർവതും നഷ്‌ടപ്പെട്ടവർക്ക് താങ്ങായി പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകർ കൂടെയുണ്ട്.
പുരോഗതി ഇടവിട്ട് നിരീക്ഷിക്കുന്ന മന്ത്രി എം എം മണി, എല്ലാം നഷ്ടപ്പെട്ട് ലയങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്ക് ഭക്ഷണം അടക്കമുള്ള അടിയന്തര ആവശ്യങ്ങൾ ഉറപ്പാക്കാനും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. കവളപ്പാറ ദുരന്തത്തിൽ അകപ്പെട്ട 11 പേരെയും പുത്തുമലയിൽ അഞ്ചുപേരെയും കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. പെട്ടിമുടിയിൽ പാറക്കല്ലുകൾ പൊട്ടിച്ചുമാറ്റിയും പുഴയിൽ തെരച്ചിൽ നടത്തിയുമാണ് മുഴുവൻപേരെയും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നത്.