രാജ്യത്തെ രോഗമുക്തിനിരക്കും ഉയരുന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്

രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് 19 രോഗംബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം അരലക്ഷം കടന്നു. 50079 പേർ ഇതുവരെ ഇന്ത്യയിൽ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് മരണത്തിൽ അമേരിക്ക, ബ്രസീൽ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾക്ക് പിന്നിൽ നാലാമതായാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ രാജ്യത്ത് 65,002 പേർക്ക് കൂട് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,589,208 ആയി.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 12,614 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 322 മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ആകെ 5,84,754 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധിതരായത്. കർണാടകയിൽ 8818 പേർക്ക്കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 114 പേർ രോഗംമൂലം മരിച്ചു.

രോഗബാധിതരാകുന്നവരുടെ പ്രതിദിന കണക്കുകൾ ഉയരുന്നതിനോടൊപ്പം രാജ്യത്തെ രോഗമുക്തിനിരക്കും ഉയരുന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 57,381 പേർ കൊവിഡ് രോഗത്തിൽ നിന്നും മുക്തിനേടി.


16-Aug-2020