11 ഇനങ്ങൾ ഉൾപ്പെട്ട 500 രൂപ വിലയുള്ള കിറ്റാണ് നൽകുന്നത്

കോവിഡ് പ്രതിസന്ധിയിലും കുടുംബങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 3,16,277 കിറ്റുകൾ ആണ് സർക്കാർ വിതരണം ചെയ്തത്. കോവിഡ് കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് 10146 കിറ്റുകൾ ആണ് വിതരണം ചെയ്‌തത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾ സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ ഇടിച്ചിലാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ, എത്ര വലിയ ആശങ്കകൾക്കു നടുവിലും ഒരു മലയാളി പോലും ഓണക്കാലത്ത് ബുദ്ധിമുട്ടിലാകരുത് എന്നാണ് സർക്കാർ ദൃഢനിശ്ചയം. ലോക്ക്ഡൗൺ കാലത്തും ഈ കരുതൽ കേരളം അനുഭവിച്ചറിഞ്ഞു.

11 ഇനങ്ങൾ ഉൾപ്പെട്ട 500 രൂപ വിലയുള്ള കിറ്റാണ് നൽകുന്നത്. പഞ്ചസാര (1 കിലോ),  ചെറുപയർ/വൻപയർ (അരക്കിലോ), ശർക്കര (1 കിലോ), മുളക്‌പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം),  മഞ്ഞൾപൊടി (100 ഗ്രാം),  സാമ്പാർപൊടി (100 ഗ്രാം),  വെളിച്ചെണ്ണ (500 മി.ലി.), പപ്പടം (ഒരു പാക്കറ്റ്),  സേമിയ/പാലട (ഒരു പാക്കറ്റ്), ഗോതമ്പ് നുറുക്ക് (1 കിലോ).

എഎവൈ (മഞ്ഞ) കാർഡുകാർക്കുള്ള വിതരണമാണ് വ്യാഴാഴ്ച ആരംഭിച്ചത്.  ശനിയാഴ്ചവരെ മഞ്ഞ കാർഡുകാർക്ക് കിറ്റ് ലഭിച്ചു. റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം  മൂന്ന്, നാല്, അഞ്ച് നമ്പർ വരുന്നവർക്ക് വെള്ളിയാഴ്ചയും ആറ്, ഏഴ്, എട്ട്, ഒമ്പത് അക്കം അവസാനിക്കുന്നവർക്ക്  ശനിയാഴ്ചയും   നൽകി. പിങ്ക് കാർഡുകാർക്ക്  19 മുതൽ 22 വരെ കിറ്റ് വിതരണം ചെയ്യും. 19ന് പൂജ്യം, ഒന്ന്, 20ന് രണ്ട്, മൂന്ന്, 21ന് നാല്, അഞ്ച്, ആറ്, 22ന് ഏഴ്, എട്ട്, ഒമ്പത് എന്നീ അക്കങ്ങളിൽ അവസാനിക്കുന്നവർക്കാണ് കിറ്റ്.  തുടർന്ന് 27ന് മുമ്പായി നീല, വെള്ള കാർഡുകാർക്കും കിറ്റ് നൽകും. ആഗസ്ത് 15ന് റേഷൻ കടകൾക്ക് അവധി ദിനമായതിനാൽ ഞായറാഴ്ച തുറന്നുപ്രവർത്തിക്കുന്നതായിരിക്കും.

 

16-Aug-2020