സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 29824 ഹെക്ടർ തരിശുഭൂമിയിൽ ഇതിനകം കൃഷി തുടങ്ങി

മഹാമാരിക്കും പ്രകൃതി ദുരന്തത്തിനുമിടയിൽ പ്രതീക്ഷയുടെ പുതുനാമ്പായി ചിങ്ങം ഒന്ന്.  മഹാമാരിയെ പിടിച്ചുകെട്ടാനുള്ള തീവ്രശ്രമങ്ങൾക്കിടെയാണ് ഇത്തവണത്തെ കർഷക ദിനം. പോയ രണ്ടുവർഷത്തെയും പ്രളയ ആഘാതത്തെ അതിജീവിച്ച് നടുനിവർത്താൻ തുടങ്ങിയപ്പോഴാണ് കോവിഡും അതിവർഷവും മുന്നിൽവന്ന് നിൽക്കുന്നത്. കഴിഞ്ഞ ദിവസം മഴക്കെടുതിയിൽമാത്രം സംസ്ഥാനത്ത് 900 കോടിയുടെ കൃഷിനാശമുണ്ടായി.

തിരിച്ചടികളിൽ തളരാതെ പ്രതിസന്ധി അവസരമാക്കി കാർഷികമേഖലയിൽ മുന്നേറാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഭക്ഷ്യോൽപ്പാദനരംഗത്ത് സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ്‌ പ്രവർത്തനം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലം കണ്ടെത്തി ആദ്യഘട്ടം 25,000 ഹെക്ടറിൽ കൃഷി ഇറക്കാനായിരുന്നു പദ്ധതി. എന്നാൽ, 29,824 ഹെക്ടറിൽ ഇതിനകം കൃഷിതുടങ്ങി. 82 ലക്ഷം ഫലവൃക്ഷത്തൈ വിതരണംചെയ്തു. മടങ്ങിയെത്തിയ പ്രവാസികൾക്കായി പദ്ധതികൾ തുടങ്ങി. 2016ൽ 6.5 ലക്ഷം ടണ്ണായിരുന്ന പച്ചക്കറി ഉൽപ്പാദനം 12.75 ലക്ഷം ടണ്ണായി ഉയർത്തി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 50 ലക്ഷം വിത്ത്‌ പായ്ക്കറ്റും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്കായി 70 ലക്ഷം വിത്ത് പായ്ക്കറ്റും വിതരണം ചെയ്തു.

ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ചിങ്ങം ഒന്നുമുതൽ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്സിഡി നൽകും. ക്ഷീര, മത്സ്യ കർഷകർക്ക്‌ സുഭിക്ഷ കേരളം പദ്ധതിയിൽ പ്രത്യേക ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്‌. കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് കിസാൻ ക്രെഡിറ്റ് കാർഡിലൂടെ ബാങ്കുകൾ വായ്‌പയും നൽകുന്നുണ്ട്‌.

29824 ഹെക്ടർ തരിശുഭൂമി കൃഷിയിടം
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 29824 ഹെക്ടർ തരിശുഭൂമിയിൽ ഇതിനകം കൃഷി തുടങ്ങി. ആദ്യഘട്ടത്തിൽ 25,000 ഹെക്ടർസ്ഥലം കൃഷി യോഗ്യമാക്കാനായിരുന്നു തീരുമാനം. പദ്ധതി ആരംഭിച്ച് നാലുമാസത്തിനിടെ വലിയ ജനകീയ മുന്നേറ്റം കൈവരിക്കാനായെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. പദ്ധതിയിലേക്ക് പരമാവധി കർഷകരെയും യുവാക്കളെയും ചേർക്കുന്നതിനായി വെബ് പോർട്ടൽ ആരംഭിച്ചിരുന്നു. ഇതുവരെ പദ്ധതിയിൽ 64,755 കർഷകരാണ് പോർട്ടൽ വഴിയും നേരിട്ടും രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളത്. ഇതിൽ 11528 പ്രവാസികളും 10894 യുവാക്കളും ഉൾപ്പെടുന്നു. 1.20 കോടി വിത്തു പായ്‌ക്കറ്റുകൾ രണ്ടു ഘട്ടത്തിലായി വിതരണം ചെയ്തു. പ്രാദേശികഫലവർഗങ്ങളും  വിദേശ ഫലവർഗങ്ങളും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 82 ലക്ഷം  ഫലവൃക്ഷത്തൈകളും വിതരണംചെയ്തു. പദ്ധതിയുടെ ഭാഗമായി 1000 മഴമറ ഈവർഷം നിർമിക്കും. ഇതുവരെ 546 മഴമറ പൂർത്തീകരിച്ചു. ബാക്കിയുള്ളവ അടുത്ത മാസത്തിനകം പൂർത്തീകരിക്കും. എല്ലാ പഞ്ചായത്തുകളിലും ഈ വർഷം കാർഷിക കർമസേനകൾ പ്രവർത്തനം ആരംഭിക്കും.  ഇതുവരെ 361 കാർഷിക കർമസേന ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

17-Aug-2020