വിദ്വേഷപരാമർശ ചട്ടങ്ങൾ ലംഘിക്കുന്നതും ഫെയ്‌സ്‌ബുക്ക്‌ രാജ്യത്തെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിൽ ‌ ഇടപെടുന്നതും ഗൗരവതരമായ വിഷയമാണെന്ന്‌ സിപിഐ എം ചൂണ്ടിക്കാട്ടി

ബിജെപി നേതാക്കളുടെയും സംഘപരിവാർ സംഘടനകളുടെയും വിദ്വേഷപോസ്റ്റുകൾക്കെതിരെ നടപടിയെടുക്കുന്നത്‌ ഫെയ്‌സ്‌ബുക്ക്‌  ഇന്ത്യ അധികൃതർ തടഞ്ഞതായി അമേരിക്കൻ പത്രം ‘വാൾ സ്‌ട്രീറ്റ്‌ ജേർണൽ’. ബിജെപിക്കെതിരെ നീങ്ങുന്നത്‌ രാജ്യത്ത്‌ ഫെയ്‌സ്‌ബുക്കിന്റെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ ഇന്ത്യ പൊതുനയ ഡയറക്ടർ അൻഖി ദാസ്‌ ജീവനക്കാരോട്‌ പറഞ്ഞതായാണ്‌ വെളിപ്പെടുത്തൽ. ബിജെപിയോട്‌ ഫെയ്‌സ്‌ബുക്ക്‌ പുലർത്തിവരുന്ന പക്ഷപാതത്തിന്‌ ഒട്ടേറെ തെളിവുകൾ കമ്പനി ജീവനക്കാരിൽനിന്ന്‌ ലഭ്യമായിട്ടുണ്ടെന്നും  റിപ്പോർട്ടിൽ പറഞ്ഞു.

തെലങ്കാനയിലെ ബിജെപി എംഎൽഎ രാജാസിങ്‌ തെരഞ്ഞെടുപ്പുകാലത്ത്‌ ന്യൂനപക്ഷങ്ങൾക്കെതിരെ ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിച്ച്‌ ഹീനമായ പ്രചാരണം നടത്തി. ഇദ്ദേഹത്തെ ‘അപകടകരമായ വ്യക്തികളുടെയും സംഘടനകളുടെയും ഗണത്തിൽ’ ഉൾപ്പെടുത്തണമെന്ന്‌ ഫെയ്‌സ്‌ബുക്കിന്റെ ആഭ്യന്തരനിരീക്ഷണ വിഭാഗം നിർദേശിച്ചു. രാജാസിങ്ങിന്റെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ റദ്ദാക്കണമെന്നും ഇക്കഴിഞ്ഞ മാർച്ചിൽ ശുപാർശചെയ്‌തു. ഇതിനോടുള്ള പ്രതികരണമായാണ്‌ ബിജെപിക്കെതിരായ നടപടി ഒഴിവാക്കണമെന്ന്‌ അൻഖി ദാസ്‌ ആവശ്യപ്പെട്ടത്‌. എന്നാൽ, ‘വാൾ സ്‌ട്രീറ്റ്‌ ജേർണൽ’ ഇടപെട്ട്‌ ഫെയ്‌സ്‌ബുക്കിനോട്‌ വിശദീകരണം തേടി. ഇതോടെ ഫെയ്‌സ്‌ബുക്ക്‌ രാജാസിങ്ങിന്റെ ഏതാനും പോസ്റ്റുകൾ നീക്കി അദ്ദേഹത്തിന്റെ അക്കൗണ്ട്‌ റദ്ദാക്കിയതായി അറിയിച്ചു.   

രാഷ്ട്രീയ പ്രത്യാഘാതം പരിഗണിച്ചായിരിക്കാം അൻഖി ദാസ്‌ ഈ നിലപാട്‌ സ്വീകരിച്ചതെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ വക്താവ്‌ ആൻഡി സ്‌റ്റോൺ പറഞ്ഞു. വിദ്വേഷപരാമർശ ചട്ടങ്ങൾ ലംഘിക്കുന്നതും ഫെയ്‌സ്‌ബുക്ക്‌ രാജ്യത്തെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിൽ ‌ ഇടപെടുന്നതും ഗൗരവതരമായ വിഷയമാണെന്ന്‌ സിപിഐ എം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ്‌ കമീഷൻ ഇതേക്കുറിച്ച്‌ അന്വേഷിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

17-Aug-2020