കഴിഞ്ഞ രണ്ട്‌ ആഴ്ചയിലെ കോവിഡ്‌ സ്ഥിതിവിവരം താരതമ്യം ചെയ്തശേഷമാണ്‌ നിർദേശം.


കോവിഡ്‌ കുതിച്ചുയരുന്ന സാഹചര്യത്തിൽ പഞ്ചായത്ത്‌തലത്തിൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌. ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരെയും പരിശോധിക്കണം. തിരുവനന്തപുരം, കാസർകോട്‌, മലപ്പുറം, പാലക്കാട്‌, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും‌ നിർദേശിച്ചു‌. ഇവിടങ്ങളിൽ ക്ലസ്റ്റർ നിയന്ത്രണം കർക്കശമാക്കണം. കഴിഞ്ഞ രണ്ട്‌ ആഴ്ചയിലെ കോവിഡ്‌ സ്ഥിതിവിവരം താരതമ്യം ചെയ്തശേഷമാണ്‌ നിർദേശം.

മലപ്പുറം (12.5), കാസർകോട് (10.1)‌, തിരുവനന്തപുരം (8.9), എറണാകുളം (6.7) ജില്ലകളിലാണ്‌ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണനിരക്ക്‌. പാലക്കാട്‌, കോട്ടയം, കണ്ണൂർ ജില്ലകളിൽ മാസത്തിലെ ആദ്യ ആഴ്ചയെ അപേക്ഷിച്ച്‌ രണ്ടാമത്തെ ആഴ്ചയിൽ രോഗസ്ഥിരീകരണ നിരക്ക്‌ ഉയർന്നതായും വിലയിരുത്തി.

ഏറ്റവും വേഗത്തിൽ രോഗികളുടെ എണ്ണം കൂടുന്നതും മലപ്പുറത്താണ്‌. ഇരട്ടിയാകാൻ എടുക്കുന്നത്‌ 12 ദിവസംമാത്രം. പാലക്കാട്ട്‌ 15 ദിവസംകൊണ്ട്‌ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും 16 ദിവസവും എടുക്കുന്നു. എല്ലാ ജില്ലയിലും ക്ലസ്റ്റർ നിരീക്ഷണം വ്യാപകമാക്കണം. സ്വകാര്യമേഖലയെക്കൂടി പങ്കെടുപ്പിച്ച്‌ പരിശോധന വ്യാപകമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

18-Aug-2020