ഐഎഎസ് ഉദ്യോഗസ്ഥർ വീഴ്‌ചവരുത്തിയാൽ നടപടി സ്വീകരിക്കും
അഡ്മിൻ
മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ ഒരു സാധാരണ മനുഷ്യൻപോലും കാണിക്കാൻ പാടില്ലാത്ത വിശ്വാസ വഞ്ചനയാണ് സർക്കാരിനോട് കാണിച്ചതെന്ന് മന്ത്രി ജി സുധാകരൻ. സർക്കാർ വിശ്വസിച്ച് ഏൽപ്പിക്കുന്ന ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ഐഎഎസ് ഉദ്യോഗസ്ഥർ വീഴ്‌ചവരുത്തിയാൽ അതിന് നടപടി സ്വീകരിക്കും. ശിവശങ്കറിനെതിരെ സർക്കാർ ഉടൻ നടപടി സ്വീകരിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ആത്യന്തികമായി നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്.
എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച് ഒരു അഴിമതി ആരോപണവും ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സർക്കാരിനെ കാലത്തിന്റെ ചുവരിൽ സുവർണലിപികളാൽ അടയാളപ്പെടുത്തും. എൽഡിഎഫ് ഭരണം നാല് വർഷം പിന്നിട്ടപ്പോൾ അധികാരം തിരിച്ചുപിടിക്കാനുള്ള രാക്ഷസീയ രാഷ്ട്രീയചിന്തമാത്രമാണ് പ്രതിപക്ഷത്തിന്.
ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയെ രാഷ്ട്രീയ സോപ്പുകുട്ടപ്പന്മാർക്ക് തകർക്കാനാകില്ല. പഴയപടി വിമോചനസമരം നടത്താനുള്ള സാധ്യതകൾ അടഞ്ഞതോടെ അപവാദ പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മാറ്റി അധികാരത്തിൽ വരാനുള്ള അത്യാഗ്രഹംമൂലമുള്ള കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളും.
ഇതര സംസ്ഥാനങ്ങളിൽ എംഎൽഎമാരെ വിലയ്‌ക്കെടുത്ത് കോൺഗ്രസിനെ തകർത്ത് ബിജെപി അധികാരം പിടിക്കുമ്പോൾ ഇവിടെ ഭരണകക്ഷി എംഎൽഎമാരെ വിലയ്‌ക്കെടുക്കാൻ സാധിക്കാത്തതുകൊണ്ട് കോൺഗ്രസിനെ വീണ്ടും അധികാരത്തിലേറ്റി ബിജെപിയാക്കാമെന്നാണ് സംഘപരിവാർ കണക്കുകൂട്ടുന്നത്.കേരളം പ്രതിരോധത്തിലൂടെയും വികസനത്തിലൂടെയും കൊറോണയോട് പൊരുതി അതിജീവിക്കുകതന്നെ ചെയ്യും. യുഡിഎഫാണ് ഭരിച്ചിരുന്നതെങ്കിൽ മഹാമാരിക്കാലത്ത് എന്തായിരിക്കും അവസ്ഥയെന്ന് ജനങ്ങൾ ചിന്തിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽപ്പോലും റോഡുകൾ തിളങ്ങുന്നത് എൽഡിഎഫ് ഭരണത്തിലാണ്. വി മുരളീധരൻ കേന്ദ്രമന്ത്രിയായതോടെ കേരളത്തിനോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്.
നവകേരള നിർമിതിക്കായി ദീർഘവീക്ഷണത്തോടെ പദ്ധതികൾ നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിന് സാധാരണ ജനങ്ങൾ മന്ത്രിക്കുന്നതായി മന്ത്രി ജി സുധകാരൻ പറഞ്ഞു.