കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള കേരളത്തിന്റെ താക്കീതായി സമരം മാറും
അഡ്മിൻ
കോവിഡ് മഹാമാരിയുടെ കാലത്തും കേന്ദ്ര സർക്കാർ തുടരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ഞായറാഴ്‌ച സംഘടിപ്പിക്കുന്ന സത്യഗ്രഹം സംസ്ഥാനത്തിന്റെ സമരചരിത്രത്തിലെ വേറിട്ട ഏടാകും. കാൽ കോടിയിലധികം ജനങ്ങൾ പങ്കെടുക്കുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ലക്ഷക്കണക്കിനു വീടുകൾ സമരകേന്ദ്രങ്ങളാകും. വൈകിട്ട് നാലുമുതൽ 4.30 വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ജനങ്ങൾ സത്യഗ്രഹമിരിക്കുക. പാർടി അംഗങ്ങളും അനുഭാവികളും നേതാക്കളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും ചരിത്രസമരത്തിന്റെ ഭാഗമാകും.
ജനലക്ഷങ്ങൾ ജീവനുവേണ്ടി പിടയുന്ന സന്ദർഭത്തിലും അവരെ കൈയൊഴിഞ്ഞ് വർഗീയവിദ്വേഷം ആളിക്കത്തിക്കുകയും കോർപറേറ്റ് കൊള്ളയ്‌ക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള കേരളത്തിന്റെ താക്കീതായി സമരം മാറും.
പ്രതിദിനം കോവിഡ് ആയിരങ്ങളുടെ ജീവനപഹരിക്കുന്ന സന്ദർഭത്തിലും ആരോഗ്യമേഖലയിൽപ്പോലും ലക്ഷക്കണക്കിന് തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. രാജ്യത്ത് ആരോഗ്യമേഖലയിൽ 30 ശതമാനം ഒഴിവുകളാണ് നികത്താനുള്ളത്. നിയമന നിരോധനത്തിലൂടെ ലക്ഷക്കണക്കിന് യുവജനങ്ങളുടെ പ്രതീക്ഷകൾക്കുമേലാണ് കേന്ദ്രം കരിനിഴൽ വീഴ്‌ത്തിയത്. റവന്യൂവിൽ 30 ശതമാനവും റെയിൽവേയിൽ 3.5 ലക്ഷം തസ്‌തികകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്.
കോവിഡിനെ തുടർന്ന് രാജ്യത്ത് 15 കോടി പേർ രാജ്യത്ത് തൊഴിൽരഹിതരായി. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവരാനും തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനും കോവിഡിനെ സർക്കാർ മറയാക്കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിക്കുന്നു. സംസ്ഥാനത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളടക്കം വിൽപ്പന ഭീഷണിയിലാണ്. ഏറ്റവും ഒടുവിൽ രാജ്യത്തെ ഖനന ലോബിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇഐഎ കരട് വിജ്ഞാപനവും പുറത്തുവന്നു. കോർപറേറ്റുകൾക്ക് അനുകൂലമായ ഇഐഎ വിജ്ഞാപനത്തിനെതിരെയുള്ള കേരളത്തിന്റെ ജനവികാരവും സമരത്തിൽ പ്രതിഫലിക്കും.