വാർത്താസമ്മേളനങ്ങളിലോ ചാനൽ ചർച്ചകളിലോ സ്വർണക്കടത്തു കേസിന്റെ അന്താരാഷ്‌ട്ര ബന്ധം പരാമർശിക്കുന്നില്ല

സംസ്ഥാനത്തുടനീളം  വാർത്താസമ്മേളനം നടത്തുന്ന പ്രതിപക്ഷനേതാക്കൾ സ്വർണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധം ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ലെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ബിജെപിയും യുഡിഎഫും സയാമീസ് ഇരട്ടകളെപ്പോലെ ഒന്നിച്ചുനിന്നാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കുപ്രചാരണം നടത്തുന്നത്. വാർത്താസമ്മേളനങ്ങളിലോ ചാനൽ ചർച്ചകളിലോ സ്വർണക്കടത്തു കേസിന്റെ അന്താരാഷ്‌ട്ര ബന്ധം പരാമർശിക്കുന്നില്ല. പ്രതികളുടെ രാഷ്‌ട്രീയ ബന്ധവും മിണ്ടുന്നില്ല–-‌ വാർത്താസമ്മേളനത്തിൽ കടകംപള്ളി പറഞ്ഞു.

കസ്‌റ്റംസ്‌ പിടിച്ച സ്വർണം വിട്ടുകിട്ടാൻ ആദ്യം ഫോണിൽ ബന്ധപ്പെട്ടയാൾ ബിജെപിയുടെയും ബിഎംഎസിന്റെയും നേതാവാണ്‌. കേസിൽ കസ്‌റ്റഡിയിലായവരെല്ലാം ബിജെപിയുടെയോ മുസ്ലിംലീഗിന്റെയോ അനുഭാവികളും.  സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന രീതിയിലാണ്‌ സർണക്കടത്ത്.  ഇതുവഴി സമാഹരിക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന്‌ ഉപയോഗിക്കുന്നതായും സംശയിക്കുന്നു. ഇതെല്ലാം പ്രതിപക്ഷം ചർച്ച ചെയ്യാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ജനങ്ങൾക്ക്‌ വ്യക്തമാണ്‌. സർക്കാരിനെ അടച്ചാക്ഷേപിക്കാൻ സംഘടിത ശ്രമമാണ്‌ നടത്തുന്നത്‌.

പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കഴിവുറ്റ ഉദ്യോഗസ്ഥനെന്ന് കണ്ടാണ് മുഖ്യമന്ത്രി വിശ്വാസം അർപ്പിച്ചത്. ദശകങ്ങളായി സർവീസിലുള്ള, ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നയാൾ എന്ന നിലയിലായിരുന്നു നിയമനം. മുഖ്യമന്ത്രി നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കാൻ ശിവശങ്കറിന്‌ കഴിഞ്ഞില്ല. വ്യക്തിജീവിതത്തിലെ ചില തെറ്റായ നടപടികൾ അറിഞ്ഞയുടൻ, അദ്ദേഹത്തെ ചുമതലയിൽനിന്ന്‌ മാറ്റി. സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു.  ലൈഫ്‌ മിഷന്‌ സൗജന്യമായി വീട്‌ നിർമിച്ചുനൽകുന്നതിന്‌ സ്ഥലം ലഭ്യമാക്കിയതിനെയും സർക്കാരിനെതിരായ ആയുധമാക്കാനാണ്‌ നീക്കം.  ഗീബൽസിന്റെ പുതിയ പതിപ്പാണ് പ്രതിപക്ഷനേതാവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

19-Aug-2020