സംസ്ഥാനത്തിന്റെ സഹായമില്ലാതെ നടത്താനാകില്ല: മുഖ്യമന്ത്രി
അഡ്മിൻ
തിരുവനന്തപുരം വിമാനത്താവള വിൽപ്പനയ്‌ക്കെതിരെ പോർ മുഖം തുറന്ന് കേരളം. രാജ്യത്തെ ഒരു വിമാനത്താവളം എന്നതിനപ്പുറം കേരളീയരുടെ പൊതുവികാരമാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കൈമുതൽ. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രതീരുമാനം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ജനരോഷം തിളച്ചുപൊങ്ങി.
വിമാനത്താവളം കൈവിട്ടുപോകുന്നത് തടയാൻ അതിവേഗ നീക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിയത്. ഉടനടി സർവകക്ഷി യോഗം വിളിച്ച് കേരളത്തിന്റെ ശക്തമായ വികാരം കേന്ദ്രത്തെ അറിയിച്ചു. ബിജെപി ഒഴികെയുള്ള ഒട്ടുമിക്ക രാഷ്‌ട്രീയ കക്ഷികളെയും സാമൂഹ്യ–- സാംസ്‌കാരിക സംഘടനകളെയും കേരളത്തിന്റെ വികാരത്തിനൊപ്പം അണിനിരത്താനും കഴിഞ്ഞു. യോഗത്തിൽ എല്ലാ കക്ഷികളും സ്വകാര്യവൽക്കരണത്തെ എതിർത്തു. ഇതോടെ വിമാനത്താവള വിൽപ്പനയെ പിന്താങ്ങി രംഗത്ത് വന്ന കേന്ദ്രമന്ത്രി വി മുരളീധരനും ശശി തരൂർ എംപിയും അപഹാസ്യരായി.
വിമാനത്താവള നടത്തിപ്പ് സംസ്ഥാനത്തിന് ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ കേന്ദ്രനീക്കം. അദാനി ഗ്രൂപ്പിന് വിമാനത്താവളം വിട്ടുകൊടുക്കരുതെന്ന് പലവട്ടം മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. കെഎസ്‌ഐഡിസിയുടെ പങ്കാളിത്തത്തിൽ കൺസോർഷ്യം രൂപീകരിച്ച് ബദൽ മാതൃകയും കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചു. അതെല്ലാം തള്ളിയാണ് അദാനിയുടെ കൈകളിൽ എത്തിക്കാനുള്ള തീരുമാനം. ഈ തീരുമാനം വന്നയുടൻതന്നെ അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു.
സംസ്ഥാനത്തിന്റെ സഹായമില്ലാതെ നടത്താനാകില്ല: മുഖ്യമന്ത്രി
ആരു വിമാനത്താവളം എടുത്താലും സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലാതെ നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങളിൽ സർക്കാർ സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവർ വരുമെന്ന് തോന്നുന്നില്ല. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ മുന്നിൽ കത്തുമുഖേനയും നേരിട്ടും പറഞ്ഞതാണ്. സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കാമെന്ന് ഉന്നതതലത്തിൽ സംസാരിച്ചപ്പോൾ വാക്കു തന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുമേഖലയിൽ നിലനിന്നപ്പോൾ വിമാനത്താവളത്തിനു നൽകിയ സഹായസഹകരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ശക്തമായ അഭിപ്രായത്തെ മറികടന്ന് സ്വകാര്യവൽക്കരിക്കുന്ന വിമാനത്താവളത്തിന് നൽകാൻ കഴിയില്ല.
സുപ്രീംകോടതി ഉത്തരവ് പ്രകാരം കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. നിയമനടപടി സാധ്യമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 2005-ൽ സംസ്ഥാന സർക്കാർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 23.57 ഏക്കർ ഏറ്റെടുത്ത് സൗജന്യമായി വിമാനത്താവളത്തിന്റെ വികസനത്തിനായി നൽകി. 18 ഏക്കർ ഭൂമി കൂടി ഏറ്റെടുത്തു നൽകാൻ നടപടികൾ ആരംഭിച്ചു. സൗജന്യമായി നൽകിയ ഭൂമിയുടെ വില എസ്‌പിവിയിൽ സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലാണ് ഏറ്റെടുത്ത് നൽകിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
21-Aug-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ