ലോകത്ത്‌ ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട്ടുചെയ്യപ്പെടുന്നത്‌ ഇന്ത്യയിലാണ്

രാജ്യത്ത്‌ ആദ്യമായി ഒരുദിവസത്തെ കോവിഡ്‌ ബാധിതർ എഴുപതിനായിരത്തോടടുത്തു. തുടർച്ചയായി രണ്ടുദിവസം 60,000ൽ താഴെയായിരുന്ന പ്രതിദിന രോഗികൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായി വീണ്ടും ഉയർന്നു. 24 മണിക്കൂറിൽ 69,652 രോഗികളും 977 മരണവും ഉണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ബുധനാഴ്‌ച സ്ഥിരീകരിച്ച രോഗികൾ എഴുപതിനായിരത്തിൽ ഏറെയാണ്‌. ആകെ രോഗികൾ 29 ലക്ഷത്തോടടുത്തു.

മരണം 55,000 ലേക്ക്‌. ലോകത്ത്‌ ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട്ടുചെയ്യപ്പെടുന്നത്‌ ഇന്ത്യയിലാണ്‌. 24 മണിക്കൂറിൽ 58,794 പേർ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തർ 20.96 ലക്ഷത്തിലേറെ‌. രോഗമുക്തി നിരക്ക്‌ 73.11 ശതമാനം‌. 6.86 ലക്ഷത്തിലേറെ പേരാണ്‌ ചികിത്സയിലുള്ളത്‌. ഇതിൽ 0.28 ശതമാനം പേർ വെന്റിലേറ്ററിലാണ്‌‌. 1.92 ശതമാനം പേർ ഐസിയുവിലാണ്‌. 2.62 ശതമാനം പേർ ഓക്‌സിജൻ സഹായത്താൽ കഴിയുന്നു‌. രാജ്യത്ത്‌ മരണനിരക്ക്‌ 1.89 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിൽ 9,18,470 പരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു. ആകെ പരിശോധനകൾ 3.26 കോടിയിലേറെ. പരിശോധന തോത്‌ 10 ലക്ഷത്തിന്‌ 23,668 ആണ്‌. കേരളത്തിൽ ഇത്‌  37,381 ആണ്‌.

ബംഗാളിൽ 2304 കണ്ടെയ്‌ൻമെന്റ്‌ സോണുകൾ
കോവിഡ്‌ രൂക്ഷമായ പശ്ചിമ ബംഗാളിൽ 2300ലധികം കണ്ടെയ്‌ൻമെന്റ്‌ സോണുകൾ. ഏറ്റവും കൂടുതൽ   നാദിയ ജില്ലയിലാണ്‌. 396 എണ്ണം. കിഴക്കൻ  ബർദ്വാൻ (550), ഉത്തര ദിനഞ്ച്‌പുർ(350) എന്നിവയാണ്‌ തൊട്ടു പിന്നിൽ. ആകെ 2304 എണ്ണം ആയി.  ബംഗാളിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. നിലവിൽ 125922 രോഗികൾ ചികിത്സയിലുണ്ട്‌. 95000 പേർ രോഗമുക്തി നേടി.

 

21-Aug-2020