എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 29 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യുസ്കേപ് ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് നാലിന് www.idsffk.in വെബ്‌സൈറ്റിൽ നടക്കുന്ന ഓൺലൈൻ ചടങ്ങില്‍ സാംസ്‌കാരിക  മന്ത്രി എ കെ ബാലൻ മേള ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ ഉദ്‌ഘാടന ചിത്രം തുർക്കിഷ് സംവിധായിക കിവിൽചിം അക്കായ് സംവിധാനം ചെയ്ത 'അമീന' യും കുഞ്ഞില മാസ്സില്ലമണിയുടെ മലയാള ചിത്രം 'ഗി'യും പ്രദർശിപ്പിക്കും. ചടങ്ങിന്റെ ലൈവ് സ്ട്രീമിങ് facebook/iffklive എന്ന പേജിലും കാണാം.

എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 29 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. രാജ്യാന്തര കഥേതര വിഭാഗത്തില്‍  ആറ് ചിത്രവും രാജ്യാന്തര കഥാ വിഭാഗത്തില്‍ ഒരു ചിത്രവും പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ മുൻ പതിപ്പുകളിൽ അവാർഡ് ലഭിച്ച ചിത്രങ്ങളാണ് ഇന്ത്യൻ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഥേതര വിഭാഗത്തിൽ ആറു ചിത്രങ്ങളും കഥാ വിഭാഗത്തിൽ അഞ്ചു ചിത്രങ്ങളും ഇതിൽ പ്രദർശപ്പിക്കും. ആറ് ചിത്രങ്ങൾ അനിമേഷൻ വിഭാഗത്തിലും നാല് ചിത്രങ്ങൾ ക്യാമ്പസ് വിഭാഗത്തിലും പ്രദർശനത്തിനെത്തും. യശസ്വിനി രഘുനന്ദൻ സംവിധാനം ചെയ്ത 'ദാറ്റ് ക്ലൗഡ് നെവർ ലെഫ്റ്റ്' സമാപന ചിത്രമായി പ്രദർശിപ്പിക്കും.

ഓരോ ദിവസവും വൈകിട്ട് നാല് മുതൽ ഷെഡ്യൂൾ പ്രകാരമുള്ള ചിത്രങ്ങൾ 24 മണിക്കൂർ നേരം വെബ്‌സൈറ്റിൽ കാണാവുന്നതാണ്. ചിത്രങ്ങളുടെ സംവിധായകർ പങ്കെടുക്കുന്ന  'ഇൻ കോൺവർസേഷൻ' പരിപാടി എല്ലാ ദിവസവും വൈകിട്ട് നാലിന് വെബ്‌സൈറ്റ് വഴി ലൈവായി ഉണ്ടായിരിക്കും.

രജിസ്റ്റർ ചെയ്ത ഡെലിഗേറ്റുകൾക്ക് www.idsffk.in എന്ന വെബ്‌സൈറ്റിലൂടെയോ IFFK മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തോ മേളയിൽ പങ്കെടുക്കാം. സൗജന്യ രജിസ്ട്രേഷനായി www.idsffk.in സന്ദർശിക്കുക.

21-Aug-2020