തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നോട്ടീസ് കിട്ടുമ്പോഴാണ് പലരും തങ്ങളുടെ പേരില്‍ വായ്പയുണ്ടെന്ന് അറിയുന്നത്

യുഡിഎഫ് നിയന്ത്രണത്തിലുള്ള കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സഹകരണ സംഘം  നടത്തിയ അഴിമതിയില്‍  സര്‍ക്കാരിന് നഷ്ടം വരുത്തിയ 4.85 കോടി രൂപ ഭരണസമിതി അംഗങ്ങളില്‍നിന്ന് ഈടാക്കാന്‍  അന്വേഷണ  റിപ്പോര്‍ട്ടില്‍  സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക്  ശുപാര്‍ശ നല്‍കി. വായ്പാ തിരിമറി, സ്ഥിര നിക്ഷേപം തിരിച്ചുനല്‍കാതിരിക്കല്‍, രേഖകളില്ലാതെ വായ്പ അനുവദിക്കല്‍, അപേക്ഷകര്‍ അറിയാതെ വായ്പ പുതുക്കല്‍ തുടങ്ങിയ പരാതികളിലാണ് നടപടി. 

പരാതികളില്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറാണ് അന്വേഷണം നടത്തിയത്.  സംഘത്തിന് നഷ്ടമായ തുക കുറ്റക്കാരായ ഭരണസമിതി അംഗങ്ങളില്‍നിന്ന് ഈടാക്കണമെന്ന്  റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടപടിയെടുക്കാതിരിക്കാന്‍  കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട്  24ന് ഹാജരാകാന്‍ ഭരണസമിതി അംഗങ്ങള്‍ക്ക് ജോയിന്റ് രജിസ്ട്രാര്‍ നോട്ടീസും നല്‍കി.

കോണ്‍ഗ്രസ് നേതാവും കണ്ണാടി പഞ്ചായത്ത്  അംഗവുമായ  ബാങ്ക് പ്രസിഡന്റ് എന്‍ വിനേഷും ഹോണററി സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്നാണ് 4.85 കോടി രൂപയുടെ ക്രമക്കേട് നടത്തിയത്. ഇവര്‍ പലരുടെയും പേരില്‍ അവര്‍ അറിയാതെ 1.21 കോടി രൂപയുടെ വായ്പയെടുത്തു.  12 ആധാരങ്ങള്‍ ഗഹാന്‍ ചെയ്തില്ല. 119 ആധാരങ്ങളില്‍ നിയമവശം രേഖപ്പെടുത്തിയില്ല. പ്രസിഡന്റ് ഉള്‍പ്പെടെ ഏഴുപേര്‍ എടുത്ത വായ്പയ്ക്ക് ആധാരവും മറ്റ് രേഖകളുമില്ല.

ക്രമക്കേടിലൂടെ എടുത്ത വായ്പാ തുക പ്രസിഡന്റിന്റെ പേരിലുള്ള രണ്ട് സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. ഹോണററി സെക്രട്ടറിയും മറ്റ്  ഭരണസമിതി അംഗങ്ങളും പ്രസിഡന്റിന്റെ ഇതേ മാതൃക പിന്തുടര്‍ന്നാണ് വായ്പ തിരിമറി നടത്തിയത്. അംഗമല്ലാത്തവരുടെ പേരിലും വായ്പ എഴുതിയെടുത്തു. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നോട്ടീസ് കിട്ടുമ്പോഴാണ് പലരും തങ്ങളുടെ പേരില്‍ വായ്പയുണ്ടെന്ന് അറിയുന്നത്.

 തുടര്‍ന്നാണ് സഹകരണ വകുപ്പിന് പരാതി നല്‍കിയത്. പട്ടികജാതി/വര്‍ഗ അസിസ്റ്റന്റ് രജിസ്ട്രാറിനെ അന്വേഷണം ഏല്‍പ്പിച്ചു.   ഭരണസമിതി അംഗങ്ങളില്‍നിന്ന് നേരിട്ട് മൊഴിയെടുത്തശേഷമാണ് വായ്പാ തിരിമറിയിലൂടെ ബാങ്കിന് നഷ്ടമായ 4,85,41,275 രൂപ പ്രസിഡന്റ്, ഹോണററി സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍ എന്നിവരില്‍നിന്ന് തിരിച്ചുപിടിക്കണമെന്ന് ശുപാര്‍ശ നല്‍കിയത്. ഒരു ജീവനക്കാരി, അഞ്ച് താല്‍ക്കാലിക ജീവനക്കാര്‍, മൂന്ന് മുന്‍ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരും വായ്പാ തിരിമറിയില്‍ പങ്കാളികളായി.

21-Aug-2020