തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വൻതോതിൽ അഴിമതിക്ക് വഴിവെക്കുന്ന വിധത്തിലാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സീപോർട്ടും അദാനിക്ക് എന്നതാണ് കേന്ദ്രനയം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തും. സിപിഐ എം പ്രധാനമന്ത്രക്ക് രണ്ട് ലക്ഷം ഇമെയിൽ സന്ദേശങ്ങൾ അയക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.
അദാനി വാഗ്‌ദാനം ചെയ്‌ത തുക നൽകാമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞിട്ടും വിമാനത്താവളം അദാനിക്ക് നൽകിയത് നൽകിയത് അഴിമതിക്ക് വേണ്ടിയാണ്. തിരുവനന്തപുരം വിമാനത്താവളം ഒരിക്കലും സ്വകാര്യവത്കരിക്കാൻ പാടില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചുകൊണ്ട് എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. എല്ലാ എംപിമാരും ഒരുമിച്ച് നിൽക്കണം. പൊതുതാൽപര്യത്തിന് വിരുദ്ധമായ നിലപാടാണ് തിരുവനന്തപുരം എംപി ശശി തരൂർ സ്വീകരിച്ചത്. തരൂർ നിലപാട് തിരുത്താൻ തയ്യാറാകണം.
സ്വകാര്യവത്‌കരണത്തെ ഇപ്പോൾ ന്യായീകരിക്കുന്ന വി മുരളീധരനാണ് ഈ കൈമാറ്റത്തിനെതിരെ മുൻപ് കേന്ദ്രത്തിന് കത്തയച്ചത്. സർവകക്ഷിയോഗത്തിൽ ബിജെപി ഒഴികെയുള്ള പാർടികൾ എല്ലാം സ്വീകരിച്ചത് സ്വാഗതാർഹമായ നിലപാടാണ്. നിയമസഭ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണം. ഇതോടൊപ്പം ജനങ്ങളും രംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു.