നിര്‍മ്മാണ കരാര്‍ നിശ്ചയിച്ചതിലോ പണം ഇടപാടിലോ സംസ്ഥാന സര്‍ക്കാരിന് ബന്ധമില്ലെന്ന് കൂടി കരാര്‍ വ്യക്തമാക്കുന്നു

വടക്കാഞ്ചേരിയിലെ ഭവനപദ്ധതിയ്ക്ക് വേണ്ടി യൂണിടാക് കമ്പനിയുമായി റെഡ്ക്രസൻ്റിന് വേണ്ടി നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോൺസുലർ ജനറൽ. വടക്കാഞ്ചേരിയിൽ ആശുപത്രി നിർമ്മാണത്തിന്എറണാകുളത്തെ സേന്‍ വെഞ്ചേഴ്സ്  എന്ന കമ്പനിയുമായും കരാർ ഉണ്ടാക്കിയിരുന്നു. ടെണ്ടറിലൂടെയാണ് രണ്ടു കമ്പനിയെയും തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. 2019 ജൂലൈ 31നാണ് കരാര്‍ ഒപ്പിട്ടത്.കോൺസുലർ ജനറൽ ഒന്നാം കക്ഷിയായും യുനിടാക് രണ്ടാം കക്ഷിയുമായാണ് കരാര്‍. ആശുപത്രിയ്ക്കായും ഇതേ മാതൃകയിലാണ് കരാര്‍.

യുഎഇ സര്‍ക്കാരുമായി ബന്ധമില്ലാത്ത ഏതോ സ്ഥാപനം കേരളത്തില്‍ വന്നു കരാര്‍ ഉണ്ടാക്കുകയും ക്രമക്കേട് നടത്തുകയും ചെയ്തതായി നടക്കുന്ന വന്‍ പ്രചരണത്തിന്റെ മുനയൊടിക്കുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്. നിര്‍മ്മാണ കരാര്‍ നിശ്ചയിച്ചതിലോ പണം ഇടപാടിലോ സംസ്ഥാന സര്‍ക്കാരിന് ബന്ധമില്ലെന്ന് കൂടി കരാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ആരോപണം ആവര്‍ത്തിച്ചു വരികയായിരുന്നു. പദ്ധതിയ്ക്ക് വേണ്ടി കേരളസര്‍ക്കാരും റെഡ്ക്രസന്റുമായി ഒപ്പിട്ട ധാരണാപത്രത്തിന്റെ തുടര്‍ച്ചയായാണ് ഈ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

വടക്കാഞ്ചേരിയിൽ 140 ഓളം അപാർട്ട്മെൻറുകൾ ഉള്ള ഫ്ലാറ്റ് സമുച്ചയം ഉണ്ടാക്കാനാണ് കരാർ. ടെണ്ടറിലെ മികച്ച ക്വട്ടേഷൻ്റെ അടിസ്ഥാനത്തിലാണ് കരാർ ഒപ്പിടുന്നതെന്നും രേഖ പറയുന്നു. 70 ലക്ഷം ദിർഹത്തിൻ്റേതാണ് കരാർ. നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് നിർമ്മാണ പ്രവർത്തനം നടത്താനാണ് കരാർ
 
ആശുപത്രി നിർമ്മാണത്തിന് 30 ലക്ഷം ദിർഹത്തിനാണ് കരാര്‍. മദർ ആൻറ് ചൈൽഡ് ആശുപത്രിയാണ്  പണിയുന്നത്.

 

23-Aug-2020