രണ്ടാംപകുതി കിങ്‌സ്‌ലി കൊമാന്റെ ഹെഡ്ഡറാണ്‌ കളിയുടെ വിധിയെഴുതിയത്

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം ബയേൺ മ്യൂണിക്കിന്‌. പിഎസ്‌ജിയെ ഒരു ഗോളിന്‌ കീഴടക്കി. രണ്ടാംപകുതി കിങ്‌സ്‌ലി കൊമാന്റെ ഹെഡ്ഡറാണ്‌ കളിയുടെ വിധിയെഴുതിയത്‌. ആറാം തവണയാണ്‌ ബയേൺ യൂറോപ് കീഴടക്കുന്നത്‌. കന്നിക്കീരീടം തേടിയിറങ്ങിയ തോമസ്‌ ടുഷലിന്റെ പിഎസ്‌ജിക്ക്‌ പിഴച്ചു. ലീഗിൽ ഒരു കളിയും തോൽക്കാതെയാണ്‌ ബയേണിന്റെ കിരീടധാരണം.

പതിവുശൈലിയിലായിരുന്നു ഇരുടീമുകളും കളത്തിൽ ഇറങ്ങിയത്‌. ഓരോ മാറ്റങ്ങൾ ഉണ്ടായി. ബയേണിൽ ഇവാൻ പെരിസിച്ചിനു പകരം കിങ്‌സിലി കൊമാൻ എത്തി. പരിക്കുമാറി കെയ്‌ലർ നവാസ്‌ പിഎസ്‌ജി ഗോൾവലയ്‌ക്ക്‌ കീഴിൽ എത്തി. ഒറ്റലക്ഷ്യമായിരുന്നു ഇരുടീമുകൾക്കും. ഗോൾ. പ്രതിരോധ ചങ്ങലകൾ മുറുക്കാതെ ബയേണും പിഎസ്‌ജിയും മുന്നേറി. ഗോൾമുഖങ്ങൾ വിറച്ചു. നെയ്‌മർ–-എംബാപ്പെ–-ഡി മരിയ ത്രയം ബയേൺ പിൻനിരയെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. അവസരങ്ങൾ കൂടുതൽ അവർക്കായിരുന്നു. എംബാപ്പെയ്‌ക്ക്‌ ലക്ഷ്യബോധമുണ്ടായില്ല. ഇരുപത്തിയൊന്നുകാരൻ ബോക്‌സിൽ ദുർബലനായി.  നെയ്‌മറുടെ ഷോട്ട്‌ മാനുവൽ നൊയെ രക്ഷപ്പെടുത്തി. ഡി മരിയ സുവർണാവസരം പുറത്തടിച്ചു.

മറുവശം ബയേണും നോക്കിനിന്നില്ല. റോബർട്ട്‌ ലെവൻഡോവ്‌സ്‌കി നവാസിനെ കീഴടക്കിയെങ്കിലും പന്ത്‌ പോസ്റ്റിൽ തട്ടി മടങ്ങി. ബയേൺ താരങ്ങൾ അമ്പരന്നു. ലെവൻഡോവ്‌സ്‌കിയുടെ ഹെഡ്ഡറാകട്ടെ  നവാസ്‌ കൈയിലാക്കി. രണ്ടാംപകുതി ബയേൺ കളി പിടിച്ചു. തുടക്കത്തിലേ മുന്നിലെത്തി. സംഘടിതമായ മുന്നേറ്റത്തിലൂടെയാണ്‌ ഗോൾ പിറന്നത്‌. ജോഷ്വാ കിമ്മിക്കിന്റെ ഉഗ്രൻ ക്രോസിൽ കൃത്യതയോടെ കൊമാൻ തലവച്ചു. ബയേൺ ആഘോഷിച്ചു. തിയാഗോ സിൽവയുടെ പ്രതിരോധപ്പട വിഷമിച്ചു. ഇതിനിടെ മാർക്വീനോസിന്റെ ശ്രമം നൊയെ തട്ടിയകറ്റി. ഒപ്പമെത്താനുള്ള അവരുടെ എല്ലാ ശ്രമങ്ങളും ബയേൺ മതിലിൽതട്ടി മടങ്ങി.

24-Aug-2020