സ്വകാര്യവൽക്കരണം ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ വഴിവച്ചത് വലിയ അഴിമതികൾക്ക്. രണ്ടിടത്തും സിബിഐ അന്വേഷണം നടക്കുകയാണ്. യുപിഎ സർക്കാരിന്റെ കാലത്ത്, 2006ലാണ് ഇരു വിമാനത്താവളവും സ്വകാര്യവൽക്കരിച്ചത്.
ഡൽഹി വിമാനത്താവളം ജിഎംആർ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് വിട്ടുകൊടുത്തത് യൂസർഫീ ഇനത്തിൽ ഏകദേശം 3,500 കോടി രൂപ അധികമായി പിരിച്ചെടുക്കുന്നതിനു കാരണമായെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ കണ്ടെത്തി. വിമാനത്താവള നവീകരണത്തിന് 8975 കോടി രൂപയുടെ പദ്ധതിയാണ് തുടക്കത്തിൽ അംഗീകരിച്ചത്. ഇത് രണ്ടു വർഷത്തിനുള്ളിൽ 12,502 കോടിയായി ഉയർന്നു. അധിക തുക വികസന ഫീസ് എന്ന നിലയിൽ യാത്രക്കാരിൽനിന്ന് പിരിച്ചെടുത്തു.
എയർപോർട്ട് അതോറിറ്റിയുടെ കൈവശമുണ്ടായിരുന്ന 4600 ഏക്കറിൽ ആദ്യം 240 ഏക്കർ വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിന് കൺസോർഷ്യത്തിന് വിട്ടുകൊടുത്തു. വിമാനത്താവള കമ്പനി (ഡയൽ)യിൽ 2450 കോടി രൂപയുടെ ഓഹരിനിക്ഷേപം നടത്തുന്നതിനു പകരമായിരുന്നു ഇത്. 2009ൽ 190 ഏക്കർകൂടി വെറും 6.19 കോടി രൂപയ്‌ക്ക് കൈമാറി. ഇതുവഴി 15,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് 2012–-13ൽ സിഎജി ഓഡിറ്റിൽ വ്യക്തമായി. 60 വർഷത്തെ പാട്ടത്തിനാണ് സ്ഥലം കൈമാറിയത്. സിപിഐ എം അംഗങ്ങൾ ഈ വിഷയം രാജ്യസഭയിൽ ശക്തമായി ഉന്നയിച്ചു.
സർക്കാരിന് നൽകേണ്ട വരുമാനം കുറച്ചുകാണിക്കാൻ ലേലത്തിൽ തട്ടിപ്പിനായി 12 കടലാസ് കമ്പനിക്ക് കൺസോർഷ്യം രൂപം നൽകിയെന്നും ആരോപണം ഉയർന്നു. ഇതേത്തുടർന്ന് ആദായനികുതിവകുപ്പ് രേഖകൾ പിടിച്ചെടുത്തു. സർക്കാരിന് വേണ്ടപ്പെട്ടവരിലേക്ക് അന്വേഷണം നീങ്ങിയതോടെ തുടർനടപടികൾ ഉണ്ടായില്ല.
വരുമാനത്തിന്റെ 46 ശതമാനം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറണമെന്ന വ്യവസ്ഥയിലാണ് ജിഎംആർ കൺസോഷ്യത്തിന് വിമാനത്താവളം കൈമാറിയത്. മുംബൈ വിമാനത്താവളം നടത്തുന്ന ജിവികെ ഗ്രൂപ്പിനെതിരെ 705 കോടി രൂപയുടെ തട്ടിപ്പിന് സിബിഐ കേസെടുത്തിട്ടുണ്ട്.