സുപ്രീംകോടതിയെയും ചീഫ്‌ജസ്‌റ്റിസിനെയും വിമർശിക്കുന്ന ട്വീറ്റുകളുടെ പേരിൽ നിരുപാധിക ഖേദപ്രകടനം നടത്താൻ തയ്യാറല്ലെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ. സത്യമെന്ന് ഉത്തമബോധ്യമുള്ള പ്രസ്‌താവനകളുടെ പേരിൽ മാപ്പ് പറഞ്ഞാൽ അത് മനഃസാക്ഷിയെയും പരമോന്നതകോടതിയെയും അവഹേളിക്കുന്നതിന് തുല്യമാകുമെന്ന് അദ്ദേഹം സുപ്രീംകോടതിയിൽ സമർപ്പിച്ച അധികസത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.
സത്യമെന്ന് തനിക്ക് ഉത്തമബോധ്യമുള്ള വസ്‌തുതകളാണ് ട്വീറ്റ് ചെയ്‌തതെന്ന് പ്രശാന്ത് ഭൂഷൺ അഡ്വ. കാംനിജെയ്‌സ്വാൾ മുഖേന സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയെയോ ചീഫ്‌ജസ്‌റ്റിസിനെയോ അപകീർത്തിപ്പെടുത്തൽ തന്റെ ലക്ഷ്യമല്ല. ഭരണഘടനയ്‌ക്കും അവകാശങ്ങൾക്കും സംരക്ഷണം നൽകേണ്ട കോടതി ഉത്തരവാദിത്തത്തിൽനിന്ന് വ്യതിചലിച്ചെന്ന് തോന്നിയ അവസരത്തിൽ അത് ചൂണ്ടിക്കാണിക്കുകമാത്രമാണ് ചെയ്‌തത്.
കോടതിയുടെ നന്മ മുൻനിർത്തിയുള്ള ക്രിയാത്മക വിമർശമാണ് നടത്തിയത്. തന്റെ ട്വീറ്റുകളുടെ ഉദ്ദേശ്യം സത്യസന്ധമായി കോടതി മുമ്പാകെ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, കോടതി അത് പരിഗണിച്ചില്ല. നിഷേധിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്‌താൽ അത് ആത്മവഞ്ചനയാകും. ഖേദപ്രകടനങ്ങൾ ആത്മാർഥമായിരിക്കണമെന്ന് കോടതി തന്നെ നിർദേശിച്ചിട്ടുണ്ട്–- പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.
കോടതിയലക്ഷ്യക്കേസിൽ നിരുപാധിക ഖേദപ്രകടനം നടത്താൻ പ്രശാന്ത് ഭൂഷണിന് ജസ്‌റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് നൽകിയ കാലാവധി തിങ്കളാഴ്‌ച അവസാനിച്ചു. പ്രശാന്ത് ഭൂഷൺ പ്രസ്‌താവന പിൻവലിക്കുകയോ ഖേദപ്രകടനം നടത്തുകയോ ചെയ്യാത്തതിനാൽ സുപ്രീംകോടതി അദ്ദേഹത്തിനുള്ള ശിക്ഷ വിധിക്കും. ക്രിമിനൽ കോടതിയലക്ഷ്യക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രശാന്ത് ഭൂഷണിന് ആറുമാസംവരെ തടവ് ലഭിക്കാൻ സാധ്യതയുണ്ട്.